NEWS UPDATE

6/recent/ticker-posts

ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ 'യെല്ലോ' ഫംഗസ്

കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടുന്നവരില്‍ പുതിയ ഭീഷണിയാവുകയാണ് വ്യാപകമായ ബ്ലാക്ക് ഫംഗസ് ബാധ. കോവിഡ് ചികിത്സയുടെ ഭാഗമായി നല്‍കപ്പെടുന്ന സ്റ്റിറോയ്ഡുകളും പ്രതിരോധ ശേഷിയുടെ ശക്തിക്ഷയവുമെല്ലാമാണ് കോവിഡിന് ശേഷം ആളുകളില്‍ ബ്ലാക്ക് ഫംഗസ് ബാധയുണ്ടാക്കുന്നത്. പ്രമേഹമുള്ളവരിലും ബ്ലാക്ക് ഫംഗസ് സാധ്യത ഏറെയാണ്.[www.malabarflash.com]


ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് ശേഷം ചിലയിടങ്ങളില്‍ വൈറ്റ് ഫംഗസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയ്ക്ക് പിന്നാലെ ഇപ്പോഴിതാ 'യെല്ലോ' ഫംഗസ് എന്ന പേരും ഉയര്‍ന്നുവരികയാണ്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് നാല്‍പത്തിയഞ്ചുകാരനില്‍ 'യെല്ലോ' ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഗസിയാബാദില്‍ നിന്നുള്ള ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. ബിപി ത്യാഗിയാണ് വാര്‍ത്താ ഏജന്‍സിയായ 'എഎന്‍ഐ'യുമായി 'യെല്ലോ' ഫംഗസ് ബാധയെ കുറിച്ച് സംസാരിച്ചത്. മയക്കം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, പോഷകാഹാരക്കുറവ്, അവയവങ്ങള്‍ നേരാംവണ്ണം പ്രവര്‍ത്തിക്കാതിരിക്കുക, മുറിവുകളുണങ്ങാതിരിക്കുക, പഴുപ്പ് കയറുക, കണ്ണുകള്‍ കുഴിയുക തുടങ്ങിയവയെല്ലാം 'യെല്ലോ' ഫംഗസ് ബാധയുടെ ഭാഗമായി രോഗിയില്‍ കണ്ടേക്കാമെന്ന് ഡോ.ത്യാഗി പറയുന്നു.

വളരെ ഗൗരവമുള്ള ഫംഗല്‍ ബാധയാണിതെന്നും സമയബന്ധിതമായ ചികിത്സയെടുത്തില്ലെങ്കില്‍ അപകടമാണെന്നും ഡോക്ടര്‍ പറയുന്നു. ഗസിയാബാദില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയില്‍ ബ്ലാക്ക്- വൈറ്റ് ഫംഗസ് ബാധയുടെ ലക്ഷണങ്ങളും കണ്ടിരുന്നുവത്രേ. ഇക്കാര്യവും ഡോ. ത്യാഗി തന്നെയാണ് അറിയിച്ചത്.

എന്നാല്‍ ഡോ.ത്യാഗിയുടെ വിശദീകരണത്തെ ഭാഗികമായി എതിര്‍ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ചീഫ് ഡോ. രണ്‍ദീപ് ഗുലേരിയ. ഫംഗസ് ബാധകളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ പലതാക്കി തിരിക്കുന്നത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കുമെന്നാണ് ഡോ. രണ്‍ദീപ് ഗുലേരിയ അറിയിക്കുന്നത്.

'പൊതുവായി മൂന്ന് തരം ഫംഗസ് ബാധയാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ഒന്ന് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധ. രണ്ട് 'കാന്‍ഡിഡ', മൂന്ന് 'ആസപെര്‍െജിലോസിസ്'. മ്യൂക്കോര്‍മൈക്കോസിസ് കേസുകളാണ് ഏറ്റവുമധികം കാണപ്പെടുന്നത്. ഇത് കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന സ്റ്റിറോയ്ഡുകള്‍ മൂലവും പ്രമേഹരോഗികളിലുമാണ് കൂടുതലും കാണുന്നത്. 

സാധാരണഗതിയില്‍ ഈ കേസുകളില്‍ സൈനസുകളിലും മൂക്കിലും ചിലരില്‍ തലച്ചോറിലുമാണ് ഫംഗസ് ബാധയുണ്ടാകുന്നത്. അപൂര്‍വ്വം ചിലരില്‍ ശ്വാസകോശത്തിനകത്തും ഫംഗസ് ആക്രമണം നടത്തുന്നു, ചുരുക്കം പേരില്‍ വയറിനകത്തും...'- ഡേ. ഗുലേരിയ പറയുന്നു.

പ്രതിരോധശേഷി കുറഞ്ഞവരിലാണ് 'കാന്‍ഡിഡ' കാണപ്പെടുന്നതെന്നും ഡോക്ടര്‍ പറയുന്നു. വായ്ക്കകത്തും അന്നനാളത്തിലും വെള്ള നിറത്തിലുള്ള അടയാളങ്ങള്‍ കാണുക, നാക്കില്‍ വെളുപ്പ് നിറം പടരുക എന്നിവയെല്ലാമാണേ്രത 'കാന്‍ഡിഡ'യുടെ പ്രത്യക്ഷ ലക്ഷണങ്ങള്‍. ചിലരില്‍ സ്വകാര്യഭാഗങ്ങളെയും ഫംഗസ് ബാധിക്കുമെന്നും ഡോക്ടര്‍ പറയുന്നു. ഈ 'കാന്‍ഡിഡ'യെ ആണ് വൈറ്റ് ഫംഗസായി വിശേഷിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'ശ്വാസകോശത്തെ ബാധിക്കുമെങ്കില്‍ കൂടി ബ്ലാക്ക് ഫംഗസിനെ അപേക്ഷിച്ച് അല്‍പം കൂടി ഗൗരവം കുറഞ്ഞതാണ് കാന്‍ഡിഡ. നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്കകള്‍, തലച്ചോറ് എന്നീ അവയവങ്ങളെയെല്ലാം ഇത് ബാധിച്ചേക്കാം. ഏറ്റവും കുറവ് കാണപ്പെടുന്ന ഫംഗസ് ബാധയാണ് ആസ്‌പെര്‍ജിലോസിസ്. അത് ശ്വാസകോശത്തെയാണ് പ്രധാനമായും ആക്രമിക്കുന്നത്. അത് മൂലം രോഗിയില്‍ അലര്‍ജിക് റിയാക്ഷനുകള്‍ കാണുന്നു. ഇതും അല്‍പം ഗൗരവമുള്ളത് തന്നെ...'- ഡേ.ഗുലേരിയ വിശദമാക്കുന്നു.

Post a Comment

0 Comments