NEWS UPDATE

6/recent/ticker-posts

10 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയത് വിവാഹത്തിനുള്ള പണത്തിന് വേണ്ടി; പരാതി നല്‍കിയതോടെ കൊലപ്പെടുത്തി

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിൽ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയത് മുഖ്യപ്രതിക്ക് വിവാഹത്തിന് പണം കണ്ടെത്തുന്നതിനാണെന്ന് പോലീസ്. കാമുകിയെ വിവാഹംചെയ്ത് മുംബൈയിൽ സ്ഥിരതാമസമാക്കുകയായിരുന്നു ലക്ഷ്യം.[www.malabarflash.com]


ഹെബ്ബഗൊഡി ശിക്കാരിപാളയ സ്വദേശി എം.ഡി. അബ്ബാസിന്റെ മകൻ ആസിഫ് ആലത്തെയാണ് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കുട്ടിയുടെ അയൽവാസികൂടിയായ മുഖ്യപ്രതി ബിഹാർ സ്വദേശി മുഹമ്മദ് ജാവേദ് ഷെയ്ക്കാണ് തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ ഛത്തീസ് ഗഢിലെ റായ്പുർ സ്വദേശികളായ മുഹമ്മദ് നൗഷാദ്, സിറാജ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീഡിയോ ഗെയിം കാണിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് മുഹമ്മദ് ജാവേദ് ഷെയ്ക്ക് തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവിനോട് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയപ്പോൾ പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രതികൾ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ജിഗനിക്കുസമീപം ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.

സംശയം തോന്നാതിരിക്കാൻ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലിൽ മുഹമ്മദ് ജാവേദും പങ്കെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിടിയിലായ മുഹമ്മദ് നൗഷാദിന്റെയും സിറാജിന്റെയും ഫോൺ പരിശോധിച്ചപ്പോളാണ് സംഭവത്തിൽ മുഹമ്മദ് ജാവേദിന്റെ പങ്ക് മനസ്സിലായത്. 

മൂന്നുവർഷം മുമ്പാണ് മുഹമ്മദ് ജാവേദ് ബെംഗളൂരുവിലെത്തിയത്. സി.സി.ടി.വി. ക്യാമറാമെക്കാനിക്കായി പ്രവർത്തിച്ചുവരുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ വീടിനടുത്ത് അമ്മാവന്റെ കൂടെയായിരുന്നു താമസം. ഇതിനുമുമ്പ് 13 വയസ്സുള്ള കുട്ടിയെയും ഇയാൾ തട്ടിക്കൊണ്ടുപോയെങ്കിലും വിട്ടയച്ചിരുന്നു.

Post a Comment

0 Comments