സ്ത്രീധനമായി നല്‍കിയ പത്തു ലക്ഷത്തിന്റെ കാര്‍ ഭര്‍ത്താവ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനത്തിന് തുടക്കമായത്. കാറിന്റെ പേരില്‍ നിരന്തരം കിരണ്‍ വിസ്മയയെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ എസ് വി വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ് കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍ കുമാറും കുടുംബവും വിവാഹാലോചനയുമായി വിസ്മയയുടെ വീട്ടിലെത്തിയതെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
എന്നാല്‍ പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കി. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്റെ പീഡനം. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യം. അത് മകള് തന്നോട് പറഞ്ഞു. എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറാണെന്നും വില്‍ക്കാന്‍ കഴിയില്ലെന്നും മകളോട് താന്‍ പറഞ്ഞു. അതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി.
സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരില്‍ രാത്രി 1 മണിയോടെ കിരണ്‍ മകളുമായി വീട്ടില്‍ വന്നു. വണ്ടി വീട്ടില്‍ കൊണ്ടുവന്നിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാന്‍ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പോലിസില്‍ പരാതി നല്‍കി. ആ പോലീസ് സ്‌റ്റേഷനിലെ എസ് ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പരിശോധനയില്‍ കിരണ്‍ മദ്യപിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. അവിടത്തെ സിഐ പറഞ്ഞത് അനുസരിച്ച് എഴുതി ഒപ്പിട്ട് നല്‍കിയ ശേഷമാണ് അവനെ വിട്ടയച്ചത്. അതിന് ശേഷം കുറച്ച് ദിവസം മകള്‍ സ്വന്തം വീട്ടിലായിരുന്നു.
എന്നാല്‍ പരീക്ഷാ സമയമായതോടെ കിരണ്‍ ആ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയതായിരുന്നുവെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി ഞായറാഴ്ച വിസ്മയ ബന്ധുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് കിട്ടിയത്.
താന്‍ നേരിടുന്ന ക്രൂരമായ മര്‍ദ്ദനത്തിന്റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളില്‍ പറയുന്നത്. വിസ്മയയുടെ കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്റെ പാടുകളുണ്ട്. തന്നെ ഭര്‍ത്താവ് വീട്ടില്‍ വന്നാല്‍ അടിക്കുമെന്ന് വാട്‌സാപ്പ് ചാറ്റില്‍ വിസ്മയ പറയുന്നു. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭര്‍ത്താവ് കിരണ്‍ പറഞ്ഞെന്നും അതിന്റെ പേരില്‍ തന്നെയും അച്ഛനെയും അസഭ്യം പറഞ്ഞെന്നും ചാറ്റില്‍ വിസ്മയ ബന്ധുവിനോട് പറയുന്നു.
പല തവണ അസഭ്യം പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു. പക്ഷേ, ഒടുവില്‍ നിര്‍ത്താന്‍ പറഞ്ഞ് മുറിയുടെ കതക് തുറന്നപ്പോള്‍ വിസ്മയയുടെ മുടിയില്‍ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്‌തെന്നും വിസ്മയ പറയുന്നു. കാല് വച്ച് മുഖത്ത് അമര്‍ത്തിയെന്ന് പറയുമ്പോള്‍, അതെല്ലാം അച്ഛനോട് പറയണമെന്ന് ബന്ധു വിസ്മയയോട് പറയുന്നുണ്ട്. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും വീട്ടുകാര്‍ക്ക് കൈമാറിയിരുന്നു. ഈ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ യുവതിയുടെ വീട്ടുകാര്‍ പുറത്തുവിട്ടു.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും പിതാവ് ത്രിവിക്രമന്‍ നായര്‍ ആരോപിച്ചു. വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൂരനാട് പോലിസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുക്കുകയും, റൂറല്‍ എസ്പിയോട് റിപോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.
0 Comments