NEWS UPDATE

6/recent/ticker-posts

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മലയാളി ഉൾപ്പെടെ രണ്ടു പേർ ബം​ഗളൂരുവിൽ പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ അനധികൃതമായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍ (36), തിരുപ്പൂര്‍ സ്വദേശി വി. ഗൗതം (27) എന്നിവരെയാണ് ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്​റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരേസമയം 960 സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന 30 സിംബോക്‌സുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.[www.malabarflash.com]


വിദേശത്ത് നിന്നു വരുന്ന ടെലിഫോണ്‍ കാളുകള്‍ ടെലികോം വകുപ്പ് അറിയാതെ ലോക്കൽ കാളുകളാക്കി നിശ്ചിത നിരക്കിൽ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ രീതി. നിയമവിരുദ്ധമായ ഈ പ്രവൃത്തി സംസ്ഥാനത്തിെൻറ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്നതാണെന്ന് ജോയിൻറ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

വോയ്സ് ഓവർ ഇൻറർനെറ്റ് പ്രൊട്ടോക്കോൾ (വി.ഒ.ഐ.പി) ഉപയോഗിച്ചാണ് അനധികൃതമായി രാജ്യാന്തര ഫോൺകാളുകൾ ലോക്കൽ കാളുകളായി മാറ്റിയിരുന്നത്. കാളുകള്‍ ലോക്കല്‍ നമ്പരില്‍ നിന്ന് ലഭിക്കുന്ന തരത്തിലേക്കാണ് ഇവര്‍ മാറ്റുന്നത്. രാജ്യത്തെ ടെലികോം സേവനദാതാക്കൾ വൻതുകയീടാക്കി ചെയ്യുന്ന പ്രവൃത്തിയാണ് ഇവർ ഇത്തരത്തിൽ അനധികൃതമായി ചെയ്തുവന്നിരുന്നത്. ഇതിലൂടെ ഓരോ രാജ്യാന്തര കാളിനും സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികള്‍ക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്​​ടമാകും.

ഇക്കഴിഞ്ഞ മാർച്ചിൽ ബംഗളൂരുവിലെ ചിക്കബാനവാരയിൽ ചായക്കടയുടെ മറവിൽ രാത്രിയിൽ അനധികൃതമായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന കോഴിക്കേട് സ്വദേശി അഷ്റഫിനെ (33) ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. അഷ്റഫിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനൊടുവിലാണ് മലയാളി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിലായത്. വിദേശ കമ്പനികൾക്കുവേണ്ടി ബംഗളൂരുവിൽ പ്രവർത്തിക്കുന്ന കാൾ സെൻററുകൾക്കാണ് കൂടുതലായും രാജ്യാന്തര കാളുകൾ ലോക്കൽ കാളുകളാക്കി കൈമാറുന്നത്.

Post a Comment

0 Comments