ആഗ്ര: 130 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ മൂന്നര വയസ്സുകാരനെ എട്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് അറിയിച്ചു. ആഗ്രയിലെ ഫത്തേബാദ് മേഖലയിൽ നിബോഹര പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം.[www.malabarflash.com]
കളിച്ചുകൊണ്ടിരിക്കെ കുഴൽക്കിണറിൽ പതിച്ച കുട്ടി 90 അടി താഴ്ചയിൽ കുടുങ്ങിക്കിടന്നു. വിവരം അറിഞ്ഞ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. സൈന്യം, സംസ്ഥാന- കേന്ദ്ര ദുരന്ത നിവാരണ സേനകൾ, സിവിൽ പോലീസ് എന്നിവർ സംയുക്തമായാണ് ഇതിലേർപ്പെട്ടത്. കിണറിലേക്ക് ഇറക്കിക്കൊടുത്ത കയറിൽ കുട്ടി പിടിച്ചിട്ടുണ്ടെന്നും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിനിടെ സ്റ്റേഷൻ ഹൗസ് ഓഫിസർ സൂരജ് പ്രസാദ് അറിയിച്ചിരുന്നു.
കുട്ടിയുടെ പിതാവ് ചോട്ടേലാൽ ഏഴു വർഷം മുമ്പ് കുഴിച്ചതാണ് കിണർ എന്ന് പ്രദേശവാസി പറഞ്ഞു. പുതിയ കിണർ കുഴിക്കുന്നതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് ഇതിന്റെ അടപ്പ് തൽക്കാലത്തേക്ക് നീക്കിയിരുന്നതായും പോലീസ് പറഞ്ഞു. 'എന്റെ കുഞ്ഞിനെ വീണ്ടും ജീവനോടെ കാണാൻ ഭാഗ്യമുണ്ടായെന്നും കുഞ്ഞിനെ രക്ഷിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും' ചോട്ടേലാൽ പറഞ്ഞു.
0 Comments