കൊച്ചി: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാര്‍ഥി, അമ്മയുടെ അക്കൗണ്ടില്‍നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്.[www.malabarflash.com]
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച പരാതി അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. അക്കൗണ്ടില്‍നിന്നും പണം നഷ്ടപ്പെട്ടെന്ന് വിദ്യാര്‍ഥിയുടെ അമ്മയാണ് പരാതി നല്‍കിയത്.
തുടര്‍ന്ന് എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തി. 'ഫ്രീ ഫയര്‍' എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്ന് സംഘം മനസിലാക്കി. ഗെയിം ലഹരിയായ വിദ്യാര്‍ഥി, ഒരു സമയം നാല്‍പ്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ചാര്‍ജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്.
ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാര്‍ജ് ചെയ്തിട്ടുമുണ്ട്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടില്‍നിന്ന് പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കള്‍ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണത്തിന് ഒരുങ്ങുകയാണ് റൂറല്‍ ജില്ലാ പോലീസ് എന്ന് എസ്.പി. കാര്‍ത്തിക്ക് പറഞ്ഞു. ബോധവല്‍ക്കരണ പരിപാടികള്‍ അടുത്ത ആഴ്ചയോടെ തുടങ്ങുമെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.
0 Comments