NEWS UPDATE

6/recent/ticker-posts

സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിയും മരിച്ചു

റിയാദ്: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാർ തമ്മിലുള്ള വാക്കുതർക്കത്തിനിടെ മലയാളി സെയിൽസ്‍മാൻ സനൽ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിയും മരിച്ചു.[www.malabarflash.com]

കഴുത്തറക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഘാന സ്വദേശിയെ സംഭവസ്ഥലത്ത് എത്തിയ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു ഇയാള്‍. സംഭവം നടന്ന ബുധനാഴ്ച രാത്രിയോടെ തന്നെ ഘാന സ്വദേശിയും മരിച്ചു.

പാൽവിതരണ വാനിലെ സെയിൽസ്‍മാനായിരുന്ന കൊല്ലം, മൈലക്കാട്​, ഇത്തിക്കര സ്വദേശി സീതാ മന്ദിരത്തിൽ പരേതനായ സദാനന്ദന്റേയും സീതമ്മയുടേയും മകൻ സനൽ (35) ആണ്​ കുത്തേറ്റ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‍സയിൽ ജബൽ ഷോബക്കടുത്ത് ബുധനാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. 

പൊതുവെ പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന്​ സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക്​ കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നു. ഷോബയിലെ ഒരു ബഖാലയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. ഈ തർക്കം മുർച്‍ഛിച്ചാകാം കൊലപാതകത്തിൽ കലാശിച്ചത്​. ജോലിക്കിടയിൽ വഴിയരികിലാണ്​ സംഭവം നടന്നത്. ഘാന സ്വദേശിയുടെ കുത്തേറ്റാണ് സനൽ മരിച്ചതെന്നാണ് നിഗമനം.

10​ വർഷമായി സനൽ അൽഅഹ്‍സയിലുണ്ട്​. അച്‍ഛൻ നഷ്‍ടപ്പെട്ട ശേഷം സനലായിരുന്നു അമ്മക്കും ഏക സഹോദരിക്കും ആശ്രയം. സനൽ അവിവാഹിതനാണ്​. ഒന്നര വർഷം മുമ്പ്​ വിവാഹത്തിനായി നാട്ടിലേക്ക് പോയെങ്കിലും ജാതക പ്രശ്‍നങ്ങളാൽ കല്യാണം നടക്കാതെ തിരികെ മടങ്ങുകയായിരുന്നു. ​

തോളിൽ കടുത്ത വേദന അനുഭവിച്ചിരുന്നതിനാൽ രണ്ട്​ മൂന്ന് മാസം കഴിഞ്ഞ് എക്‍സിറ്റിൽ നാട്ടിൽ പോകാൻ ഉദ്ദേശിച്ചിരുന്നതാണ്​. ചികിത്സക്ക്​ കുറഞ്ഞത് ആറു മാസമെങ്കിലും ആവശ്യമുണ്ടെന്നും അത്രയും അവധി കമ്പനിയിൽ നിന്ന്​ ലഭിക്കാത്തത് കൊണ്ടാണ് താൻ എക്സിറ്റിൽ പോകുന്നതെന്നും സനൽ സുഹൃത്തുക്കളോട്​ പറഞ്ഞിരുന്നു. നാട്ടിലെത്തി വിവാഹം കഴിക്കണമെന്ന സ്വപ്‍നവും സനൽ ഇടക്കിടക്ക് സുഹൃത്തുക്കളുമായി പങ്കുവെക്കുമായിരുന്നു. 

നാട്ടിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സനൽ സജീവമായി ഇടപെട്ടിരുന്നു. നാട്ടുകൂട്ടത്തിന്റെ വാട്‍സ്‍ആപ് കൂട്ടായ്‍മയിലും സജീവമായിരുന്നു. മാസങ്ങൾക്ക് മുമ്പ് വൃക്കരോഗിയായ തിരുവന്തപുരം സ്വദേശിയുടെ ചികിത്സക്ക്​ 3,000 റിയാൽ സനൽ ഒറ്റക്ക് പിരിച്ചു നൽകിയതായും സുഹൃത്തുക്കൾ ഓർമിക്കുന്നു.

Post a Comment

0 Comments