കാസറകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയുടെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ഐപിസി 171 (B), 171 (E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പോലീസാണ് കേസെടുത്തത്.[www.malabarflash.com]
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദരയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസ്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്റെ പരാതിയിലാണ് നടപടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കൂടാതെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുത്തേക്കും.
സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതിയ നല്‍കി കാസറകോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) വകുപ്പ് പ്രകാരം പോലീസിന് കേസ് എടുക്കാനാണ് നിര്‍ദ്ദേശം.
നേരത്തെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് നല്‍കിയ അപേക്ഷ നിയമതടസ്സം ഉള്ളതിനാല്‍ കോടതി തിരികെ നല്‍കിയിരുന്നു. 2020 ലെ ഹൈക്കോടതി റൂളിങ് പ്രകാരം പോലീസ് അല്ല പരാതിക്കാരനാണ് കോടതിയെ സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി മടക്കയത്. പിന്നാലെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശന്റെ പരാതി കോടതി പരിഗണിച്ചതും ഇപ്പോള്‍ കേസെടുക്കാന്‍ അനുമതി നല്‍കിയതും.
പത്രിക പിന്‍വലിക്കുന്നതിനായി ബിജെപി നേതാക്കളില്‍ നിന്നും പണം ലഭിച്ചെന്നായിരുന്നു മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. സുരേന്ദ്രന്‍ പണം തന്നുവെന്ന വെളിപ്പെടുത്തലിന് ശേഷം ബിജെപി നേതാക്കളില്‍ നിന്നും താനും കുടംബവും ഭീഷണി നേരിടുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കെ സുന്ദരയ്ക്ക് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിന് പിന്നാലെ കെ സുന്ദരയുടെ മൊഴിയും കഴിഞ്ഞ ദിവസം കാസറകോട് പോലീസ് രേഖപ്പെടുത്തിയിരുന്നു.
0 Comments