ബുധബാർ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ അഞ്ച് മക്കളിൽ മൂത്ത മകളാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി. പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് പ്രാദേശിക ശ്മശാനത്തിൽ സംസ്‌കരിച്ചു.
സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലെ കോൾ ഡേറ്റ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പ്രദീപ് കുമാർ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രദീപ് വിവാഹിതനാണ്. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്ന് പോലീസ് പറഞ്ഞു.
ജൂൺ 7 ന് രാവിലെ 10ന് വീട്ടിൽനിന്ന് ഇറങ്ങിയ ശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നു കുടുംബം പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. ബുധനാഴ്ചയാണ് വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തുണി ഉപയോഗിച്ച് പെൺകുട്ടിയെ മരത്തിൽ കെട്ടിത്തൂക്കുന്നതിനുമുൻപ് ക്രൂരമായി ഉപദ്രവിച്ചുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
പീഡന കേസാണോയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷമേ പറയാനാകൂവെന്നും സാധ്യമായ എല്ലാ കോണുകളിൽനിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ പറഞ്ഞു.
പെണ്‍കുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നതായും പോലീസ് പറഞ്ഞു. ഇതേത്തുർന്ന് പെണ്‍കുട്ടിയുടെ വീട്ടിൽ വാക്കുതർക്കം ഉണ്ടായി. അതിനു ശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നും പോലീസ് അറിയിച്ചു.
അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾ തെളിയിക്കാൻ പോലീസ് അന്വേഷണത്തിൽ കഴിഞ്ഞില്ലെങ്കിൽ പാർട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുൽ ഷാഹ്ദിയോ പറഞ്ഞു.
0 Comments