NEWS UPDATE

6/recent/ticker-posts

കെ. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന്‍ നയിക്കും. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ. സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു.[www.malabarflash.com] 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.

താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.

സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. മുഖ്യ എതിരാളിയും കേഡര്‍ പാര്‍ട്ടിയുമായ സി.പി.എമ്മിനോട് ഏറ്റുമുട്ടുമ്പോള്‍ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. മൂര്‍ച്ചയുള്ള ആക്രമണം നടത്താതെ അയഞ്ഞ ശൈലി പിന്തുടരുന്നത് പാര്‍ട്ടിയെ ഇനിയും തളര്‍ത്തുമെന്ന ഭയം സാധാരണ പ്രവര്‍ത്തകര്‍ക്കുമുണ്ട്. നേരത്തെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നുവെന്ന വാര്‍ത്ത പുറത്തെത്തിയപ്പോള്‍, താന്‍ അതിന് യോഗ്യനാണെന്ന നിലപാട് സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നാലെ പേരുകള്‍ പലതും ഉയര്‍ന്നുവന്നതോടെ സുധാകരന്‍ മൗനം പാലിച്ചു. സുധാകരനെ കൊണ്ടുവരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫ്‌ളക്‌സുകള്‍ കെ.പി.സി.സി. ആസ്ഥാനത്ത് ഉയര്‍ന്നപ്പോഴും സുധാകരന്‍ ഒന്നുംമിണ്ടിയില്ല.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിയമസഭാ തിരഞ്ഞെടുപ്പ് നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. എന്നാല്‍ പരാജയം രുചിക്കേണ്ടിവന്നു. കനത്തതോല്‍വിക്ക് പിന്നാലെ ആരാകും പ്രതിപക്ഷ നേതാവ് എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചയും പുകിലും പിന്നാലെയെത്തി. മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടും ആരാകും പ്രതിപക്ഷ നേതാവ് എന്ന കാര്യത്തില്‍ നീക്കുപോക്കുണ്ടായില്ല. ഒടുവില്‍ ഹൈക്കമാൻഡ് ഏകപക്ഷീയമായി സതീശനെ പ്രതിപക്ഷ നേതാവാക്കി. 

ഇതിനിടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെച്ചൊല്ലി ചെന്നിത്തലയും തോല്‍വിയെയും ഉത്തരവാദത്തെയും പരാമര്‍ശിച്ച് മുല്ലപ്പള്ളിയും സോണിയാ ഗാന്ധിക്ക് കത്തയച്ചെന്നും ഇല്ലെന്നും വാര്‍ത്തകള്‍ വന്നു. തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നെന്നും രാജിവെക്കാന്‍ തയ്യാറാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറയുകയും ചെയ്തു. 

പുതിയ അധ്യക്ഷന്‍ വരുന്നതുവരെയേ താന്‍ സ്ഥാനത്ത് തുടരൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്‌മെന്റും ആയിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികള്‍.

Post a Comment

0 Comments