NEWS UPDATE

6/recent/ticker-posts

കടലിനടിയിലും മുകളിലും കരയിലും ഒറ്റക്കെട്ടായി പ്രതിഷേധമൊരുക്കി ദ്വീപ്​ ജനത

കവരത്തി: ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരേ കടലിനടിയിലും മകളിലും കരയിലുമൊക്കെ ഒറ്റക്കെട്ടായി പ്രതിഷേധമൊരുക്കി ദ്വീപ് ജനത. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരത്തിനും പണിമുടക്കിനും വൻ ജനപിന്തുണയാണ് ലഭിച്ചത്​.[www.malabarflash.com]


രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ നടന്ന നിരാഹാര സമരത്തിൽ വീടുകളിലിരുന്ന്​ കുട്ടികളും പ്രായമായവരും പ​ങ്കെടുത്തു. പ്രഫുൽ പട്ടേലും കലക്​ടർ അസ്​കറലിയും ദ്വീപ്​ വിട്ടുപോകുക, ഗുണ്ടാനിയമം അടക്കമുള്ള ജന​ദ്രോഹ നിയമപരിഷ്​കാരങ്ങൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും സമരത്തിൽ അണിനിരന്നവർ ഉയർത്തിപ്പിടിച്ചു. വായ മൂടിക്കെട്ടിയും പ്രതിഷേധത്തിൽ നിരവധി പേർ അണിനിരന്നു. തൊഴിലാളികൾ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറക്കിയില്ല. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.

കടലിനടിയിൽ മുങ്ങി യുവാക്കളുടെ സംഘം പ്രതിഷേധിച്ചപ്പോൾ കപ്പലിനുള്ളിലും ജീവനക്കാർ പണിമുടക്കി. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അനിഷ്​ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ എല്ലാ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലും രൂപവത്കരിച്ച സബ് കമ്മിറ്റികൾ സമര പരിപാടികൾ ഏകോപിപ്പിച്ചു.

ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെയായിരുന്നു സമരം. ചരിത്രത്തിലെ ആദ്യ സമ്പൂർണ ഹർത്താലിനാണ്​ തിങ്കളാഴ്ച ലക്ഷദ്വീപ് സാക്ഷ്യം വഹിച്ചത്​. ഇതിനു മുമ്പ് 2010ൽ കവരത്തിയിലാണ് ആകെ പ്രാദേശിക ഹർത്താൽ നടന്നത്. ദ്വീപുകളിൽ അവശ്യസാധനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു അത്​.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന നിരാഹാര സമരം സൂചന മാത്രമാണെന്നും വിവാദ തീരുമാനങ്ങൾ പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments