NEWS UPDATE

6/recent/ticker-posts

യുഎഇയുടെ രണ്ട് ഗോള്‍ഡന്‍ വിസകള്‍ ഒരേ വീട്ടിലേക്ക്; സ്വന്തമാക്കി മലയാളി ദമ്പതികള്‍

ദുബൈ: ദുബൈയിലെ പ്രമുഖ മലയാളി സംരംഭക ആന്‍ സജീവിന് യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡണ്‍ വിസ ലഭിച്ചു. ഭര്‍ത്താവ് പി.കെ സജീവിന് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇതോടെ, ഒരു രാജ്യത്തെ നിക്ഷേപങ്ങളുടെ പേരില്‍ രണ്ട് ഗോള്‍ഡന്‍ വീസകള്‍ സ്വന്തമാക്കുന്ന യുഎഇയിലെ ആദ്യ മലയാളി ദമ്പതികളായി ഇവര്‍ മാറി.[www.malarflash.com]

കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ്, രാജ്യാന്തര റസ്റ്റോറന്റ് ശൃംഖലകള്‍, പ്ലാന്റേഷനുകള്‍, സിനിമാ നിര്‍മാണം, ടൂറിസം തുടങ്ങിയ മേഖലകളില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്തിയ വനിത എന്ന നേട്ടത്തിനാണ് ഈ അംഗീകാരം. കൊല്ലം പൂയപ്പള്ളി സ്വദേശിയായ പി.കെ സജീവിന്റെ ഭാര്യയാണ് ആന്‍. കോട്ടയം വടവാതൂര്‍ സ്വദേശിനിയായ ആന്‍, നേരത്തെ നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

ദുബൈ എമിഗ്രേഷന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരായ അബൂബക്കര്‍ അല്‍ അഹ്‌ലി, നാസര്‍ അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡന്‍ വീസ നല്‍കി ആദരിച്ചു. യുഎഇ എന്ന രാജ്യം നല്‍കിയ അംഗീകാരമാണ് ഇതെന്ന് ആന്‍ സജീവ് പറഞ്ഞു.  ലോകത്ത് മികച്ച സ്ത്രീ സുരക്ഷയുള്ള രാജ്യങ്ങളിലൊന്നായ യുഎഇയില്‍, സ്ത്രീ സമൂഹത്തിന്റെ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും നല്‍കുന്ന വലിയ പ്രോത്സാഹനം കൂടിയാണ് ഗോള്‍ഡണ്‍ വിസ. കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന പുതിയ കാലഘട്ടത്തില്‍ ഇത് സന്തോഷത്തേക്കാള്‍ ഏറെ, ബുദ്ധിമുട്ടുന്നവരുടെ വേദനകള്‍ തിരിച്ചറിയാന്‍ കൂടിയുളള അവസരമായും കാണുന്നുവെന്ന് ആന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അരോമ ഗ്രൂപ്പിന് കീഴിലെ ഫ്രാഗ്രന്റ് നാച്വര്‍ എന്ന പേരിലുള്ള, കേരളത്തിലെ മൂന്നു പഞ്ചനക്ഷത്ര ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടുകളുടെ മാനേജിങ് ഡയറക്ടറാണ് ആന്‍ സജീവ്. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ പ്രണയം, കിണര്‍ എന്നീ മലയാളം സിനിമകളുടെ നിര്‍മാതാവുമാണ്. ഫ്രാഗ്രന്റ് നാച്വര്‍ ഫിലിം ക്രിയേഷന്‍സ് ഇന്ത്യ, അരോമ ഇന്‍വെസ്റ്റ്‌മെന്റ് യു കെ എന്നിവയുടെ ഉടമയുമാണ്. ദുബൈയിലും അബുദാബിയിലുമുള്ള ആര്‍ക്കേഡ് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ ആന്‍, ഇന്ത്യയ്‌ക്കൊപ്പം യുഎഇയിലും നിരവധി നിക്ഷേപം നടത്തിയിട്ടുണ്ട്. 

നിര്‍മാണ രംഗത്ത് ഏറെ പ്രസിദ്ധമായ അരോമ ഇന്റര്‍നാഷ്ണല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് എന്ന മാതൃകമ്പനിക്ക്, നേരത്തെ, ദുബൈ ഗവര്‍മെന്റിന്റെ മികച്ച തൊഴിലാളി സൗഹൃദ കമ്പനി എന്ന അംഗീകാരം തുടര്‍ച്ചയായ നാലു വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നു.

Post a Comment

0 Comments