കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം കവരത്തി പോലീസ് ഐഷയെ വിട്ടയച്ചു. അറസ്റ്റ് ഒഴിവാക്കിയെന്നും അറിയിച്ചിട്ടുണ്ട്.[www.malabarflash.com]
അതേസമയം, ആവശ്യം വന്നാല്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും ഇനി ചോദ്യം ചെയ്യണമെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. നാലുദിവസം ദ്വീപില്‍ തുടരാനും പോലീസ് ഐഷ സുല്‍ത്താനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കവരത്തി സിഐയും എസ്‌ഐയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
അതേസമയം, വായില്‍ നിന്നും അറിയാതെ വന്നുപോയ വാക്കിന്റെ പേരിലാണ് ഇത്രയും വലിയ കുറ്റം തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ചോദ്യം ചെയ്യലിനുശേഷം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ച ഐഷ സുല്‍ത്താന പറഞ്ഞു. രാജ്യത്തിനെതിരെ അല്ല മറിച്ച് പ്രഭുല്‍ ഖോഡ പട്ടേലിന്റെ കരിനിയമങ്ങള്‍ക്കെതിരെയാണ് ജൈവായുധ പ്രയോഗം നടത്തിയതെന്നും ഐഷ വ്യക്തമാക്കി.
ആദ്യം കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയിരുന്നതെങ്കിലും പിന്നീട് ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ഐഷയെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോവെപ്പണ്‍ പ്രയോഗം നടത്തിയതിനെതിരെ ബിജെപി നല്‍കിയ പരാതിയിന്മേലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. നേരത്തെ അറസ്റ്റടക്കമുള്ള നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ 50,000 രൂപയും രണ്ട് ആള്‍ജാമ്യത്തിലും ഐഷയ്ക്ക് താല്‍ക്കാലിക ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ഇതിനിടെ കേരള ഹൈക്കോടതിയുടെ പരിധിയില്‍ നിന്ന് ലക്ഷദ്വീപിനെ മാറ്റാന്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ദ്വീപിനെ കര്‍ണ്ണാടക ഹൈക്കോടതിയുടെ കീഴിലേക്ക് മാറ്റാനുള്ള ശുപാര്‍ശയാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. നേരത്തെ ചരക്കുസേവന നടപടികള്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തേക്ക് മാറ്റാനുള്ള നടപടികളിലേക്കും ഭരണകൂടം കടന്നിരുന്നു.
0 Comments