NEWS UPDATE

6/recent/ticker-posts

ഒരു നമ്പര്‍, രണ്ട് ബുള്ളറ്റുകള്‍; 'പോലീസ് നമ്പര്‍' വണ്ടിക്കിട്ട് പോലീസുകാരായ അച്ഛനും മകനും

മലപ്പുറം: 2224 എന്ന നമ്പറിന് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? ഒരു സംഖ്യയില്‍ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും. ഒന്നുകൂടി വിശദമാക്കാം, കെഎല്‍-55 എക്‌സ് 2224, കെഎല്‍-55 വൈ 2224 എന്നിങ്ങനെ കേള്‍ക്കുമ്പോഴോ? ഇപ്പോഴും പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെങ്കില്‍ വ്യക്തമാക്കാം[www.malabarflash.com]

ഇതൊരു അച്ഛന്‍റെയും മകന്‍റെയും ബുള്ളറ്റുകളുടെ നമ്പറുകളാണ്. തീര്‍ന്നില്ല കൌതുകം, ഇവര്‍ രണ്ടുപേരും പോലീസുകാരാനാണ്, അതില്‍ അച്ഛന്‍ പോലീസിന്‍റെ സേനയിലെ ഔദ്യോഗക നമ്പര്‍ കൂടിയായിരുന്നു 2224 എന്നത്!

മലപ്പുറം തിരൂരുകാരാണ് ബുള്ളറ്റുകളെ പ്രണയിക്കുന്ന ഈ അച്ഛനും മകനും. 2017-ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ദാമോദരന് 2224 എന്ന അക്കങ്ങള്‍ സ്വന്തം ജീവിതം കൂടിയാണ്. സര്‍വീസ് കാലത്ത് എല്ലാ പോലീസുകാര്‍ക്കും ഒരു നമ്പര്‍ ഉണ്ടാകും. ജനറല്‍ നമ്പര്‍ എന്നാണ് സാങ്കേതിക നാമം. പോലീസ് സേനയില്‍ ഒരേ പേരുകാര്‍ അനവധിയുള്ളതിനാല്‍ പോലീസുകാരെ തിരിച്ചറിയാനുള്ള മാര്‍ഗമാണ് ഈ നമ്പര്‍. കേസുകളുമായി ബന്ധപ്പെട്ട പേപ്പറുകളില്‍ ഒപ്പിടുമ്പോള്‍ പോലീസുകാര്‍ പേരിനൊപ്പം തങ്ങളുടെ ജനറല്‍ നമ്പരും തസ്‍തികയും സ്റ്റേഷന്റെ പേരും ചേര്‍ക്കും.

1984-ല്‍ പൊലീസ് സേനയില്‍ ചേര്‍ന്ന ദാമോദരന്‍ എന്ന തിരൂരുകാരന്‍ 33 വര്‍ഷമാണ് സര്‍വ്വീസില്‍ ഉണ്ടായിരുന്നത്. താനൂര്‍ സ്റ്റേഷനില്‍ പോലീസുകാരനായി തുടങ്ങിയ പോലീസ് ജീവിതത്തിന് എസ് ഐയുടെ വേഷത്തില്‍ വളാഞ്ചേരി സ്റ്റേഷനില്‍ നിന്ന് വിരാമം. 

പി സി 2224 എന്ന സംഖ്യയില്‍ തുടങ്ങി എസ് ഐ 2224 വരെ, അതായത് സര്‍വ്വീസിലെ ആദ്യദിവസം മുതല്‍ വിരമിക്കുന്നതു വരെ അദ്ദേഹം 2224 എന്ന നമ്പറിലാണ് സേനയില്‍ തിരിച്ചറിയപ്പെട്ടിരുന്നത്. സാധാരണപോലീസ് സേനാംഗങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോള്‍ നമ്പര്‍ മാറാന്‍ സാധ്യതയുണ്ട്. പക്ഷേ എന്തുകൊണ്ടോ ദാമോദരന്‍ എസ്‍ ഐയുടെ നമ്പറില്‍ മാറ്റമൊന്നും ഉണ്ടായില്ല. അതുകൊണ്ട് 2224 എന്ന സംഖ്യയോട് വീട്ടില്‍ എല്ലാവര്‍ക്കും വല്ലാത്തൊരു അടുപ്പവുമുണ്ടായിരുന്നു.

അങ്ങനെയാണ് സ്വന്തമായൊരു ബുള്ളറ്റ് വാങ്ങിയപ്പോള്‍ 2224 എന്ന നമ്പര്‍ തന്നെ ദാമോദരന്‍ എസ് ഐ സ്വന്തമാക്കുന്നത്. 2017ല്‍ ആണ് അദ്ദേഹം ബുള്ളറ്റ് സ്വന്തമാക്കുന്നത്. പക്ഷേ അതിനും ഏറെ മുമ്പേ തന്നെ ബുള്ളറ്റുകളോടുള്ള പ്രണയം മൊട്ടിട്ടിരുന്നുവെന്ന് അദ്ദേഹം പറയും. അതിന് നാല് പതിറ്റാണ്ടുകളെങ്കിലും പഴക്കമുണ്ട്. 1990-ല്‍ രാജ്യത്ത് ബുള്ളറ്റുകള്‍ അപൂര്‍വ കാഴ്‍ചയായിരുന്ന കാലത്താണ് ദാമോദരന്‍റെ കൈകളിലേക്ക് ബുള്ളറ്റ് എത്തുന്നത്. പോലീസ് വകുപ്പിന്റെ ബുള്ളറ്റുകളില്‍ ഒന്നായിരുന്നു അത്. സര്‍ക്കാര്‍ വാഹനമായതിനാല്‍ അപൂര്‍വമായേ അത് അദ്ദേഹം വീട്ടില്‍ കൊണ്ട് വന്നിട്ടുള്ളൂ. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുമില്ല.

2017-ല്‍ ആദ്യ ബുള്ളറ്റ് വാങ്ങിയപ്പോഴാണ് ജനറല്‍ നമ്പറിനെ വണ്ടിയുടെ കൂടി നമ്പറാക്കാന്‍ കുടുംബം ആലോചിക്കുന്നത്. പക്ഷേ, വണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം നിരാശയായിരുന്നു ഫലം. 2224-ന് മുമ്പേയുള്ള ആയിരം നമ്പരുകള്‍ വരെയുള്ള രജിസ്‌ട്രേഷനുകള്‍ മാത്രമേ അപ്പോള്‍ ആര്‍ടിഒയില്‍ നടന്നിരുന്നുള്ളൂ. അതിനാല്‍ ഇഷ്‍ട നമ്പറിനായി കാത്തിരിക്കാന്‍തന്നെ തീരുമാനിച്ചു. 

3000 രൂപയോളം ഇഷ്‍ട നമ്പറിനായി അടച്ചു. കൂടാതെ, 6,000 രൂപയോളം പിഴയായും അടയ്‌ക്കേണ്ടിയും വന്നു. പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യേണ്ട തിയതിയും കഴിഞ്ഞതിനാലാണ് പിഴ അടയ്‌ക്കേണ്ടി വന്നത്. എന്തായാലും ഒടുവില്‍ കെഎല്‍-55 വൈ 2224 എന്ന നമ്പറുമായി 2017 മോഡല്‍ ബുള്ളറ്റ് 350 വീട്ടു മുറ്റത്തെത്തി.

അതിനു ശേഷമാണ് ദാമോദരന്‍ എസ് ഐയുടെ വീട്ടിലേക്ക് രണ്ടാമത്തെ ബുള്ളറ്റ് എത്തുന്നത്. അത് അദ്ദേഹത്തിന്റെ മകനും പോലീസുകാരനുമായ അനീഷ് വഴിയും. ആ കഥ ഇങ്ങനെ. എട്ട് വയസ്സ് പ്രായമുള്ളപ്പോള്‍ അയല്‍വാസിയുടെ ആര്‍ എക്‌സ് 100-ല്‍ അച്ഛനൊപ്പം യാത്ര ചെയ്‍തതാണ് അച്ഛന്റെ വഴി പിന്തുടര്‍ന്ന അനീഷിന്റെ ആദ്യ യാത്ര. അനീഷിന്റെ ആദ്യ വാഹനവും ബുള്ളറ്റായിരുന്നില്ല. ഹീറോ പാഷന്‍ പ്രോ ആയിരുന്നു അത്.

അച്ഛന്‍ ബുള്ളറ്റ് സ്വന്തമാക്കിയ അതേ വര്‍ഷം തന്നെ അനീഷും ബുള്ളറ്റ് വാങ്ങാന്‍ തീരുമാനിച്ചു. കൂടാതെ, അച്ഛന്‍റെ ജനറല്‍ നമ്പര്‍ തന്നെ തന്‍റെ വാഹനത്തിനും ലഭിക്കണമെന്നും ആഗ്രഹിച്ചു. പക്ഷേ അതിനൊരു സാങ്കേതിക തടസം ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നും പുതിയ ബുള്ളറ്റ് വാങ്ങിയാല്‍ അതേ നമ്പര്‍ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ അനീഷ് പഴയ ബുള്ളറ്റ് വാങ്ങി നമ്പര്‍ മാറ്റാന്‍ തീരുമാനിച്ചു. 

സംസ്ഥാനത്തിനകത്ത് നിന്നൊരു വാഹനം വാങ്ങിയാല്‍ ഉടമയുടെ പേര് മാത്രമേ മാറ്റാന്‍ സാധിക്കൂ. എന്നാല്‍, പുറത്ത് നിന്നും വാങ്ങിയാല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയുടെ പേരും വാഹനത്തിന്റെ നമ്പരും മാറ്റാന്‍ കഴിയും. അങ്ങനെ, ബുള്ളറ്റിനായുള്ള അന്വേഷണം അവസാനിച്ചത് ഹരിയാനയില്‍. അവിടെ നിന്ന് വാങ്ങി കൊണ്ടുവന്ന 1997 മോഡല്‍ ബുള്ളറ്റ് കെ എല്‍ 55 എക്‌സ് 2224 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. ആ ബുള്ളറ്റിനെ കോയമ്പത്തൂരിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി പുതുക്കിപ്പണിതു.

ഇപ്പോള്‍ മലപ്പുറം എം എസ് പി ബറ്റാലിയനില്‍ പോലീസുകാരനായ അനീഷ് സേനയില്‍ എത്തുന്നതിന് മുമ്പ് പത്ത് വര്‍ഷത്തോളം അധ്യാപകനായിരുന്നു. ആ കാലത്ത് ധാരാളം യാത്രകള്‍ ചെയ്‍തിരുന്നു. 2013-14-ല്‍ ഒരിക്കല്‍ 20 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്ത സംഭവവും ഉണ്ടായി. ഒരു ട്രിപ്പ് പദ്ധതിയിട്ടതിനുശേഷം അവസാന നിമിഷം സംഘത്തിലെ പലരും പിന്‍മാറുകയും ഒടുവില്‍ നാല് പേര്‍ മാത്രം അവശേഷിക്കുകയും ചെയ്‍തു. 

അപ്പോള്‍ അതൊരു വാശിയായെടുത്ത് യാത്ര നടത്തി. തിരൂരില്‍ നിന്നും ബംഗളുര്‍ പോകാനായിരുന്നു പദ്ധതിയിട്ടത്. കൂടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് അധ്യാപകനും ഒരു ബന്ധുവമാണ് അന്ന് അനീഷിനൊപ്പം ഈ യാത്ര നടത്തിയത്. കോഴിക്കോട്, താമരശേരി, ബത്തേരി, മുത്തങ്ങ, ബന്ദിപ്പൂര്‍, മുതുമല, ഗൂഡല്ലൂര്‍ ചുരമിറങ്ങി നിലമ്പൂര്‍ വഴി തിരിച്ച് 20 മണിക്കൂര്‍ കൊണ്ട് തിരൂരിലെത്തി. അതൊരു അപകടകരമായ യാത്രയായിരുന്നുവെന്ന് അനീഷ് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

അച്ഛനും മകനുമൊത്തുള്ള ഒരു ദീര്‍ഘദൂര ട്രിപ്പ് ഏറെക്കാലത്തെ ആഗ്രഹമാണ്. പക്ഷേ വിരമിച്ച ശേഷമാണ് അച്ഛനെ വീട്ടില്‍ കിട്ടിയതെന്ന് മകന്‍ പറയുന്നു. എന്നാല്‍ അപ്പോഴേക്കും അനീഷ് പോലീസില്‍ കയറി. ഇപ്പോള്‍ മകനായി തിരക്കെന്ന് അച്ഛന്‍ പറയും. അതിനാല്‍ ഇരുവരും ഒരുമിച്ചൊരു ബുള്ളറ്റ് യാത്ര ഇതുവരെയും നടന്നിട്ടില്ല. 

അച്ഛനോടൊപ്പം, തിരൂരില്‍ നിന്നും ഇടുക്കി വട്ടവട വരെ യാത്ര പോകണമെന്ന് ആഗ്രഹമുണ്ടെന്ന് അനീഷ് പറയുന്നു. കൊറോണക്കാലത്തിന് ശേഷം ആ യാത്ര സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അച്ഛനും മകനും.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

Post a Comment

0 Comments