NEWS UPDATE

6/recent/ticker-posts

കിണര്‍ നികത്തി പാര്‍ക്കിംഗ് യാര്‍ഡ്; കനത്തമഴയില്‍ വീണ്ടും കിണറായി, മുങ്ങിത്താണ് ആഡംബരകാര്‍

മുംബൈ: പാര്‍ക്കിംഗ് യാര്‍ഡില്‍ രൂപപ്പെട്ട കുഴിയിലേക്ക് പതിച്ച് ആഡംബരകാര്‍. കോണ്‍ക്രീറ്റ് ചെയ്ത പാര്‍ക്കിംഗ് യാര്‍ഡില്‍ ഉടമസ്ഥന്‍ നോക്കി നില്‍ക്കെയാണ് ആഡംബരകാര്‍ വെള്ളക്കെട്ടിലേക്ക് പതിച്ചത്.[www.malabarflash.com]

മുംബൈയിലെ ഖാട്ട്കോപറില് ഇന്ന് പകലാണ് സംഭവം നടന്നത്. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയില്‍ നിറഞ്ഞ വെള്ളത്തിലേക്ക് കാര്‍ കൂപ്പുകുത്തുകയായിരുന്നു. ഖാട്ട്കോപറിലെ രാം നിവാസ് സൊസൈറ്റി പരിസരത്താണ് സംഭവം.

അന്‍പത് അടിയോളം ആഴമുള്ള കുഴിയാണ് കാറിനെ വിഴുങ്ങിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കിണറടക്കമുള്ള പ്രദേശം കോണ്‍ക്രീറ്റ് ചെയ്താണ് പാര്‍ക്കിംഗ് യാര്‍ഡ് നിര്‍മ്മിച്ചത്. ഏതാനും ദിവസമായുള്ള കനത്ത മഴയില്‍ ഇവിടെയുണ്ടായിരുന്ന കിണര്‍ വീണ്ടും രൂപം പ്രാപിച്ചതാണെന്നാണ് വിലയിരുത്തല്‍. നൂറ് വര്‍ഷത്തോളം പഴക്കമുള്ള കിണര്‍ ആണ് പാര്‍ക്കിംഗ് യാര്‍ഡിന് വേണ്ടി കോണ്‍ക്രീറ്റ് ചെയ്തതെന്നാണ് പ്രദേശവാസികളുടെ വാദം.

റീ ഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തഭാഗം കനത്തമഴയില്‍ തള്ളിപ്പോയതാവാം കിണര്‍ വീണ്ടും രൂപം കൊണ്ടതിന് പിന്നിലെന്നാണ് സൂചന. ബിഎംസി അധികൃതര്‍ എത്തി കാര്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

വലിയ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് കുഴിയിലെ വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നതാണ് ആശ്വാസകരമായ കാര്യം. പങ്കജ് മെഹ്ത്ത എന്നയാളുടെ കാറാണ് മുങ്ങിത്താണത്. എന്തെങ്കിലും ചെയ്യാനാവുന്നതിന് മുന്‍പ് കാര്‍ അപ്രത്യക്ഷമായെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Post a Comment

0 Comments