NEWS UPDATE

6/recent/ticker-posts

ഒറ്റ പ്രസവത്തിൽ പത്ത്​ കുഞ്ഞുങ്ങൾ; ലോക റെക്കോർഡിലേക്ക്​ ഈ ദക്ഷിണാ​​​ഫ്രിക്കൻ വീട്ടമ്മ

ദക്ഷിണാഫ്രിക്കൻ വീട്ടമ്മ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി റിപ്പോർട്ട്​. 37കാരിയായ ഗോസിയാമെ തമാരാ സിതോൾ ആണ്​ ഈ അവകാശവാദവുമായി രംഗത്തെത്തിയത്​.[www.malabarflash.com] 

ഇക്കാര്യം ഔദ്യോഗികമായി സ്​ഥിരീകരിച്ച ശേഷം ലോക റെ​ക്കോർഡായി പ്രഖ്യാപിക്കുമെന്ന്​ ഗിന്നസ്​ ബുക്ക്​​ അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒമ്പത്​ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ മലിയാൻ ഹലീമ സിസ്സെയുടെ ​പേരിലാണ്​ നിലവിലെ റെക്കോർഡ്​. ​

എട്ട്​ കുട്ടികളുണ്ടാകുമെന്നായിരുന്നു സിതോളിന്‍റെ സ്‌കാനിങ് റിപ്പോര്‍ട്ട്. എന്നാൽ, ഏഴ്​ മാസവും ഏഴ്​ ദിവസവും ആയപ്പോൾ അവർ പത്ത്​ കൺമണികൾക്ക്​ ജന്മം നൽകുകയായിരുന്നു. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ്​ സിസേറിയനിൽ ജനിച്ചത്​. ഇവർക്ക് ആറ്​ വയസ്സുള്ള ഇരട്ടകുട്ടികളുമുണ്ട്​. 

ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ സിതോള്‍ ഗര്‍ഭസംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ലെന്ന്​ ഭർത്താവ് തെബോഹോ സുതെത്‌സി​ പറഞ്ഞു. 'ഞാനാകെ സന്തോഷത്തിലാണ്. ഞാനാകെ വികാരാധീനനാണ്'- അദ്ദേഹം പറഞ്ഞു.

എട്ട് കുഞ്ഞുങ്ങളുണ്ടാകുമെന്ന് സ്‌കാനിങിന് ശേഷം ഡോക്ടര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് സിതോൾ പറയുന്നു. അത്രയും കുഞ്ഞുങ്ങളെ എങ്ങനെ വയര്‍ ഉള്‍ക്കൊള്ളും, അവര്‍ അതിജീവിക്കുമോ, പൂര്‍ണ വളര്‍ച്ചയുണ്ടാകുമോ, കൈകളോ തലയോ ഉടലോ കൂടിച്ചേർന്നായിരിക്കു​മോ കുട്ടികള്‍ പിറക്കുക എന്നൊക്കെ ഭയപ്പെട്ടിരുന്നു. കുഞ്ഞുങ്ങളെ ഉള്‍ക്കൊള്ളാന്‍ വയര്‍ സ്വയം വികസിക്കുന്നുണ്ടെന്ന് പറഞ്ഞ്​ ഡോക്ടര്‍ ധൈര്യം നൽകി. 'ഒരു സങ്കീര്‍ണതയുമില്ലാത കുഞ്ഞുങ്ങള്‍ വയറ്റിനുള്ളില്‍ കഴിഞ്ഞു. ദൈവത്തിന്‍റെ അത്ഭുത പ്രവൃത്തിയാണത്​' -സിതോൾ പറഞ്ഞു.

ഇങ്ങനെയൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അത് റെക്കോര്‍ഡ് തന്നെയാകുമെന്നും ഗിന്നസ് ബുക്ക് വക്​താവ്​ വ്യക്​തമാക്കി. 'കുടുംബത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണന. അതിനുശേഷം ഔദ്യോഗികമായി സ്ഥിരീകരിച്ച് റെക്കോര്‍ഡായി പ്രഖ്യാപിക്കും'- അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments