NEWS UPDATE

6/recent/ticker-posts

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് ഫൈസല്‍ ഫരീദിന്റെ സഹായി മന്‍സൂര്‍

നെടുമ്പാശ്ശേരി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ വീണ്ടും അറസ്റ്റ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ഫൈസല്‍ ഫരീദിന്റെ സഹായി മന്‍സൂര്‍ അഹമ്മദിനെയാണ് എന്‍ഐഎ ഇന്ന് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ദുബൈയില്‍ നിന്നും ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്‍സൂറിനെ എന്‍ഐഎ സംഘം പിടികൂടുകയായിരുന്നു. ഫൈസല്‍ ഫരീദിന് സ്വര്‍ണക്കടത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നത് മന്‍സൂര്‍ അഹമ്മദാണെന്നാണ് എന്‍ഐഎ നിലപാട്. 

ചെക്ക് കേസുമായി ബന്ധപ്പെട്ട് ദുബൈയില്‍ പിടിയിലായ മന്‍സൂര്‍ അഹമ്മദിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. പിന്നീടായിരുന്നു അറസ്റ്റ്. വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ ഇയാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചു.  

കോഴിക്കോട് ഓമശേരി കല്ലുരുട്ടി സ്വദേശിയാണ് പി.എസ്. മുഹമ്മദ് മന്‍സുര്‍. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് മന്‍സൂര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്‍സൂറിനെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാനും എന്‍ഐഎ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. 

അതേസമയം സ്വര്‍ണക്കടത്തില്‍ കേസിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ പിടികൂടാന്‍ എന്‍ഐഎക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഇപ്പോഴും ദുബൈയിലാണെന്നാണ് വിവരം.

Post a Comment

0 Comments