NEWS UPDATE

6/recent/ticker-posts

കൊല്ലത്ത് ദമ്പതിമാരും അയല്‍വാസിയും ഷോക്കേറ്റ് മരിച്ചു

കൊല്ലം: പ്രാക്കുളം ഗോസ്തലക്കാവില്‍ ദമ്പതിമാരുള്‍പ്പെടെ മൂന്നു പേര്‍ ഷോക്കേറ്റ് മരിച്ചു. സന്തോഷ് ഭവനത്തില്‍ റംല(45), ഭര്‍ത്താവ് സന്തോഷ്(48), അയല്‍വാസി ശരത് ഭവനത്തില്‍ ശ്യാംകുമാര്‍(45) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച രാത്രി 8.20-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. റംലയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് റംലയ്ക്ക് ഷോക്കേറ്റതെന്ന് കരുതപ്പെടുന്നു. വീടിനകത്തു നിന്നും പുറത്തെ കുളിമുറിയിലേക്ക് വൈദ്യുതി കണക്ഷനായി വലിച്ച വയറില്‍ നിന്നാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് സന്തോഷിനും ഷോക്കേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ശ്യാംകുമാര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

മറ്റുള്ളവര്‍ നിലവിളി കേട്ടെത്തിയപ്പോഴേക്ക് മൂവരും വൈദ്യുതാഘാതമേറ്റ് കിടക്കുന്നതാണ് കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൂവരെയും ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു.

വിവരമറിഞ്ഞ് എ.സി.പി. ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വീട്ടിലെ സര്‍വീസ് വയറില്‍ നിന്നും വൈദ്യുതാഘാതമേറ്റതാകാമെന്നാണ് പോലീസിന്റെയും നിഗമനം. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യതയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍.

Post a Comment

0 Comments