NEWS UPDATE

6/recent/ticker-posts

വഞ്ചിച്ച കാമുകന്‍റെ വീട്ടിലേക്ക് ബാന്‍റ് കൊട്ടി എത്തി പ്രതികാരം ചെയ്ത് യുവതി

ഗോരഖ്പൂര്‍: വഞ്ചിച്ച കാമുകന്‍റെ വീട്ടിലേക്ക് ബാന്‍റ് കൊട്ടി എത്തി പ്രതികാരം ചെയ്ത് യുവതി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് കഴിഞ്ഞ ജൂണ്‍ മൂന്നിന് സംഭവം നടന്നത്. തന്നെ ഉപേക്ഷിച്ച കാമുകന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് അറിഞ്ഞാണ് ബാന്‍ഡ് മേളവുമായി യുവതി കാമുകന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ബഹളം വെച്ച യുവതിയെ പോലീസ് എത്തിയാണ് പറഞ്ഞുവിട്ടത്.[www.malabarflash.com]


സൈന്യത്തില്‍ ജോലി ചെയ്യുന്ന കാമുകന്‍ സന്ദീപ് മൗര്യയുടെ വീട്ടിലേക്ക് തന്റെ കുടുംബത്തോടൊപ്പമാണ് യുവതി ബാന്‍ഡ് മേളക്കാരുടെ അകമ്പടിയോടെ എത്തിയത്. രണ്ടു വര്‍ഷം മുമ്പ് തന്റെ അമ്മായിയുടെ വീട്ടില്‍ വച്ചാണ് സന്ദീപ് മൗര്യയെ ആദ്യമായി കണ്ടതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ഇരുവരും ഇഷ്ടത്തിലായി. വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിന് സന്ദീപ് നിര്‍ബന്ധിച്ചിരുന്നു.
ഇതിനിടെ സന്ദീപിന് സൈന്യത്തില്‍ ജോലി ലഭിക്കുകയും പരിശീലനത്തിനായി പോവുകയും ചെയ്തു. ഈ സമയത്തും സന്ദീപ് വീട്ടില്‍ എത്തി യുവതിയെ കാണാറുണ്ടായിരുന്നു. എന്നാല്‍, സൈന്യത്തില്‍ ജോലി ലഭിച്ച ശേഷം വിവാഹം കഴിക്കാന്‍ സന്ദീപ് വിസമ്മതിച്ചെന്നാണ് യുവതി പറയുന്നത്.

സന്ദീപ് വീട്ടിലെത്തി രക്ഷിതാക്കളോട് വിവാഹ കാര്യം സംസാരിക്കുകയും ഇത് ബന്ധുക്കള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. സൈന്യത്തില്‍ ജോലി ലഭിച്ചതോടെ വിവാഹത്തില്‍ നിന്നും സന്ദീപ് പിന്മാറുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് അറിഞ്ഞതോടെയാണ് ബന്ധുക്കളെയും കൂട്ടി യുവതി സന്ദീപിന്റെ വീട്ടിലെത്തിയത്.

താനുമായുള്ള വിവാഹം നടത്തിയില്ലെങ്കില്‍ വീടിന് മുന്നില്‍ സ്വയം ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി യുവതിയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ച ശേഷം ഇവരെ തിരികെ പറഞ്ഞ് വിടുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സന്ദീപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments