ചെന്നൈ: രാജ്യത്ത് നിരോധിച്ച പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ യൂട്യൂബറെ പോലീസ് പിടികൂടി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദന്‍കുമാറിനെയാണ് ധര്‍മപുരിയില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാളുടെ ഭാര്യ കൃതികയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.[www.malabarflash.com]
എട്ടുലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലാണ് ഇവര്‍ നടത്തുന്നത്. ചൈനീസ് വീഡിയോ ഗെയിമായ പബ്ജി രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ലഭ്യമാണ്. പബ്ജി ലൈവ് സ്ട്രീമിങ്ങിനിടെയാണ് ഇയാള്‍ സ്ത്രീകളോട് അശ്ലീലം പറഞ്ഞത്.
മദന്‍, മദന്‍ ടോക്‌സിക് 18പ്ലസ്, പബ്ജി മദന്‍ ഗേള്‍ ഫാന്‍, റിച്ചി ഗേമിങ് വൈടി തുടങ്ങിയ പേരുകളിലാണ് ദമ്പതികള്‍ യൂട്യൂബ് ചാനല്‍ നടത്തുന്നത്. ഇതിലൂടെ പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ ഇവര്‍ സമ്പാദിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരാണ് ഇവരുടെ ചാനലിന്റെ കാഴ്ച്ചക്കാരെന്നും പോലീസ് പറഞ്ഞു.
മദന്‍കുമാറിനെതിരെ സോഷ്യല്‍മീഡിയയിലും വ്യാപക വിമര്‍ശനമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിന് ആസ്പദമായ സംഭാഷണത്തിന്റെ ഓഡിയോ കേട്ട് ഞെട്ടിയെന്ന് ജഡ്ജിയും പറഞ്ഞിരുന്നു. രണ്ട് ഔഡിയടക്കം മൂന്ന് ആഡംബര വാഹനങ്ങളാണ് ഇയാള്‍ക്കുള്ളത്.
0 Comments