കണ്ണൂർ: കണ്ണൂർ ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊന്നു. താളിക്കാവ് കുഴിക്കുന്ന് റോഡിലെ രാജേഷിന്റെ മകൾ അവന്തികയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാവ് വാഹിദയെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് മരുന്ന് കഴിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.[www.malabarflash.com]
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അമ്മയും കുഞ്ഞുമുള്ള മുറി ഏറെനേരം അടച്ചനിലയിൽ കണ്ടതോടെ രാജേഷും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. കിടക്കയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്ന് രാജേഷ് ടൗൺ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
വാഹിദയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അസുഖബാധിതയായ തന്റെ മരണശേഷം മകൾ തനിച്ചാകുമെന്ന ചിന്തയെ തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്ന് വാഹിദ പോലീസിനോട് സമ്മതിച്ചു. ഗൾഫിലായിരുന്ന രാജേഷ് നാട്ടിലെത്തിയശേഷമാണ് ഏകമകൾക്കും ഭാര്യക്കുമൊപ്പം കുഴിക്കുന്നിലെ വീട്ടിൽ താമസം തുടങ്ങിയത്.
തലശ്ശേരി സ്വദേശിയായ വാഹിദയുടെ കുടുംബം വർഷങ്ങളായി കുടകിലാണ് താമസം. കുട്ടിയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments