NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് വീടിന്റെ മുന്നിലെ വേസ്റ്റ് ടാങ്കിലേക്ക് മൂന്നര വയസുകാരി വീണു; രക്ഷക്കാനിറങ്ങിയ ഗര്‍ഭിണിയും ടാങ്കില്‍ കുടുങ്ങി; രക്ഷകരായി മനാസും ഉനൈസും

കാഞ്ഞങ്ങാട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുന്നിലെ വേസ്റ്റ് ടാങ്കിലേക്ക് മൂന്നര വയസുകാരി വീണു. രക്ഷകനിറങ്ങിയ ഗര്‍ഭണിയും ടാങ്കില്‍ അകപ്പെട്ടു. ഇരുവര്‍ക്ക് യുവാക്കള്‍ രക്ഷകരായി.[www.malabarflash.com]


നിര്‍മ്മാണം നടക്കുന്ന വീട് കാണാന്‍ ഞായറാഴ്ച്ച  വൈകുന്നേരം പോയതായിരുന്നു മീനാപ്പീസിലെ ശബാനയും മൂന്ന് മക്കളും. വീടിന് ചുറ്റും നടന്നതിന് ശേഷം തറവാട് വീട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴായിരുന്നു ഇളയ മകള്‍ മറിയം നദ നിര്‍മാണത്തിലിരിക്കുന്ന വീടിന് മുന്നിലെ വേസ്റ്റ് ടാങ്കിലേക്ക് വീണത്. 

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ച് നിന്ന ശബാന പിന്നീട് പൊന്നുമോളെ രക്ഷപ്പെടുത്താനുള്ള വെപ്രാളത്തിലായിരുന്നു. ടാങ്കിലേക്ക് കൈയിട്ട് പിടിച്ചുയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പട്ടു. മുളവടിയിറക്കി കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമവും ഫലം കണ്ടില്ല. ശബാനയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ജംഷീറ കുഴിയിലേക്കിറങ്ങിയെങ്കിലും 7 മാസം ഗര്‍ഭിണിയായതിനാല്‍ കുഞ്ഞിനെ കൈ പിടിച്ച് ഉയര്‍ത്താന്‍ പറ്റാതെ വേസ്റ്റ് ടാങ്കില്‍ കുടുങ്ങി. 

കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കൂട്ട നിലവിളിയായി പിന്നീട്. സഹോദരിമാരായ ഫാത്തിമത്ത് നിഹ്മയും നൂറയും പൊന്നനിയത്തിയെ ഓര്‍ത്ത് നിലവിളിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ടാങ്കില്‍ വീണ മറിയം കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി കരയുന്നുണ്ടായിരുന്നു. 

നാട്ടുകാരുടേയും അയല്‍വാസികളുടേയും പൊന്നുമോളുടെ ജീവനായുള്ള കൂട്ടനിലവിളി കേട്ടാണ് രക്ഷകരായി വീടിനടുത്തുള്ള ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ മനാസും ഉനൈസും വീട്ടിലേക്ക് ഓടിയെത്തി. ടാങ്കിനടുത്തെത്തിയപ്പോള്‍ കുഞ്ഞിനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന കനത്ത ആശങ്കയുണ്ടായിരുന്നു, കുഞ്ഞിന്റെ കരച്ചില്‍ കാതുകളിലിങ്ങനെ ഇരമ്പി കൊണ്ടേയിരുന്നു. വീട്ടു മുറ്റത്ത് എപ്പോഴും കാണുന്ന കുഞ്ഞായത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. 

മനസ്സില്‍ നാഥനെയോര്‍ത്ത് രണ്ടും കല്‍പ്പിച്ച് ആദ്യം ടാങ്കില്‍ കുടുങ്ങിയ ജംഷീറയെ കൈപ്പിടിച്ചുയര്‍ത്തി മുകളിലെത്തിച്ച് രക്ഷപ്പെടുത്തി. 7 മാസം ഗര്‍ഭിണിയായത് കൊണ്ട് തന്നെ വല്ലാത്ത പേടിയായിരുന്നു. കൈ കാലുകളൊക്കെ വിറക്കുന്നുണ്ടെങ്കില്‍ മനസ്സ് പിടച്ചില്ല. 

ടാങ്കിലേക്ക് താഴ്ന്നിറങ്ങി കുഞ്ഞിന്റെ കൈപ്പിടിച്ച് ഉയര്‍ത്താന്‍ നോക്കിയെങ്കിലും പൊന്നുമോളെ മേലോട്ട് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന കളിക്കൂട്ടുകാരന്‍ ഉനൈസ് രണ്ട് കാലും ചേര്‍ത്ത് പിടിച്ച് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് വീടിന് ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തെ ശ്വാസം നേരെ വീണത്.

കുഞ്ഞിനെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു. മീനാപ്പീസിലെ കെ.കെ മൊയ്തീനിന്റെ മകനാണ് മനാസ്. ഹംസയുടെ മകനാണ് ഉനൈസ്. 

ഇരുവരും നാട്ടിലെ കോവിഡ് വളണ്ടിയര്‍മാരാണ്. വലിയൊരു അപകടത്തില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയ യുവാക്കളെ ബലിപെരുന്നാള്‍ ദിനത്തില്‍ ആദരിക്കാനൊരുങ്ങുകയാണ് ശബാനയുടെ കുടുംബം.

Post a Comment

0 Comments