കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം നടന്നതായി യു.എസ് സൈന്യം സ്ഥിരീകരിച്ചു. 13 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് സേന നിലയുറപ്പിച്ച ഗേറ്റിന് സമീപമാണ് ഒരു സ്ഫോടനമുണ്ടായത്. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ഈ ഗേറ്റ് അടച്ചിരുന്നു.[www.malabarflash.com]
എയർപോർട്ട് ആക്രമിക്കുമെന്ന് ചാവേറുകൾ ഭീഷണി മുഴക്കിയതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് കാബൂൾ എയർപോർട്ട് പരിസരം ഉടൻ വിടണമെന്ന് പാശ്ചാത്യ രാജ്യങ്ങൾ വ്യാഴാഴ്ച തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാനായി ദിവസവും എയർപോർട്ടിലെത്തുന്നത്. ആഗസ്റ്റ് 15ന് താലിബാൻ രാജ്യം കീഴടക്കിയതോടെ, അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന എയർലിഫ്റ്റ് വഴി ഏകദേശം 90,000 അഫ്ഗാനികളും വിദേശികളും പലായനം ചെയ്തതായാണ് കണക്ക്.
0 Comments