NEWS UPDATE

6/recent/ticker-posts

മഹല്ല്​ കമ്മിറ്റിയുടെ ഓണസമ്മാനം; വാസുവും കുടുംബവും ഇനി പുതിയ വീട്ടിൽ

കൽപകഞ്ചേരി: പ്ലാസ്​റ്റിക് ഷീറ്റുകൊണ്ട് മറച്ച, ചോർന്നൊലിക്കുന്ന ഷെഡിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന വാസുവിനും കുടുംബത്തിനും ഇനി നല്ല നാളുകൾ. രണ്ടത്താണി തോഴന്നൂർ കുണ്ടൻചിന മഹല്ല് കമ്മിറ്റി കൈകോർത്താണ് കൊളമ്പിൽ വാസുവിന് വീട് നിർമിച്ചത്.[www.malabarflash.com]


ഏറെക്കാലം തയ്യൽ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് ശാരീരികവൈകല്യങ്ങൾ കാരണം ജോലിക്ക് പോവാൻ പറ്റാത്ത അവസ്ഥയിലായി. പിന്നീട് ഏക ആശ്രയം ഭാര്യ മറ്റു വീടുകളിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനമായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും ഇവർക്കുണ്ട്.

സ്വന്തമായുള്ള ആറേമുക്കാൽ സെൻറിൽ രണ്ടു വർഷം മുമ്പാണ് വാസു വീടിന്​ തറ നിർമിച്ചത്. പിന്നീടുള്ള സാമ്പത്തിക ചെലവുകൾക്ക് മുന്നിൽ പകച്ചുനിന്നപ്പോഴാണ് ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കി മഹല്ല് കമ്മിറ്റി ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. 

മഹല്ലിലെ നാനൂറോളം വീടുകളിലേക്ക് നോട്ടീസ് മുഖേന വിവരമറിയിച്ചതോടെ സഹായം ഒഴുകിയെത്തി. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവൻ മഹല്ല് നിവാസികളുടേയും കാരുണ്യത്താൽ 10 ലക്ഷം രൂപ ചെലവിൽ ഒമ്പതു മാസംകൊണ്ടാണ് പണി പൂർത്തിയാക്കിയത്.

ബുധനാഴ്ച വൈകീട്ട്​ അഞ്ചിന്​ മഹല്ല് ഖാസി കുഞ്ഞിമോൻ തങ്ങളുടെ സാന്നിധ്യത്തിൽ തിരൂർ സബ് കലക്ടർ സൂരജ് ഷാജി വീട്​ കൈമാറും. 

മഹല്ല് ഭാരവാഹികളായ നെടുവഞ്ചേരി കുഞ്ഞിപ്പ, എം.സി. കുഞ്ഞൻ, എം.സി. മാനു, ഹംസ ഹാജി, നാസർ ചോലക്കൽ, കല്ലൻ കുഞ്ഞിപ്പ, ചെമ്പൻ ഹമീദ് തുടങ്ങിയവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. മതവൈരവും അശാന്തിയും പടരുന്ന ഇക്കാലത്ത് മതസൗഹൃദത്തിന്റെ മഹത്തായ മാതൃകകൂടി തീർക്കുകയാണ് കുണ്ടൻചിന മഹല്ല് കമ്മിറ്റി.

Post a Comment

0 Comments