NEWS UPDATE

6/recent/ticker-posts

മോഷ്​​ടാവ്​ മാല വിഴുങ്ങി, പുറത്തെടുക്കാൻ പഴങ്ങളും എനിമയും നൽകി പോലീസിന്‍റെ പരിശ്രമം; സിനിമാ കഥയെ വെല്ലുന്ന സംഭവം

ബംഗളൂരു: മോഷ്​​ടിച്ച മാല കണ്ടെടുക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമം ഫലം കണ്ടു. മോഷ്​​ടാവ്​ വിഴുങ്ങിയ മാല പഴങ്ങളും എനിമയും നൽകിയാണ്​ പുറത്തെടുത്തത്​.[www.malabarflash.com]


ബംഗളൂരു കെ.ആർ മാർക്കറ്റിലാണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയെ അനുസ്മരിപ്പിക്കുന്നവിധമുള്ള സംഭവം നടന്നത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയ ഹേമയുടെ മാല പൊട്ടിച്ചെടുത്ത ജെ.ജെ നഗര്‍ സ്വദേശി വിജയ് (20), കൂടെയുണ്ടായിരുന്ന സഞ്ജയ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഒളിവിലാണ്.

രാത്രി എട്ടരയോടെയാണ് മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ തടഞ്ഞത്. വിജയ് മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഒരു കൈകൊണ്ട് മാലയില്‍ പിടിച്ചു. പിടിവലിക്കിടെ പൊട്ടിയ മാലയുടെ ഒരുഭാഗം യുവതിയുടെ കൈയിലായി. ഒരുഭാഗം നിലത്ത് വീണിട്ടുണ്ടാകുമെന്നും യുവതി കരുതി. ഇതിനിടെ, യുവതിയുടെ നിലവിളികേട്ട് ആളുകൾ കൂട്ടംകൂടി. ആളുകളെത്തിയതോടെ വിജയിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു. വിജയിയെ നാട്ടുകാർ കെ.ആർ മാർക്കറ്റ് പോലീസ് സ്​റ്റേഷനിലെത്തിച്ചു. 

മാല‍യുടെ ഒരുഭാഗം ത‍ന്റെ കൈയിലില്ലെന്ന് വിജയ് പോലീസിനോട് പറഞ്ഞെങ്കിലും വിഴുങ്ങുന്നത് കണ്ടെന്ന് ആളുകള്‍ക്കിടയില്‍നിന്ന് ഒരാള്‍ പറഞ്ഞു. നാട്ടുകാരുടെ മർദനത്തിൽ പരിക്കേറ്റ വിജയിയെ പോലീസ് ആശുപത്രിയിലെത്തിച്ച് എക്സ്​റേ എടുത്തപ്പോഴാണ് മാലയുടെ ഒരുഭാഗം വയറ്റിൽ കിടക്കുകയാണെന്ന് വ്യക്തമായത്. 

തുടർന്ന് ഡോക്ടര്‍മാര്‍ വിജയിക്ക് 15 പഴങ്ങളും പിന്നീട് എനിമയും നല്‍കിയശേഷം മാല പുറത്തെത്തിച്ചു. 7.5 ഗ്രാം സ്വര്‍ണമാണ് വിജയ് വിഴുങ്ങിയത്. വിജയ് നല്‍കിയ വിവരമനുസരിച്ച് കൂടെയുണ്ടായിരുന്ന സഞ്ജയിനെ പിന്നീട് പോലീസ് പിടികൂടി.

Post a Comment

0 Comments