ലഖ്നോ: ആശുപത്രിയിലെ 24 വർഷം മുമ്പ് പ്രവർത്തനം നിലച്ച ലിഫ്റ്റ് തുറന്നപ്പോൾ കണ്ടത് അസ്ഥികൂടം. യു.പിയിലെ ബസ്തി ജില്ലയിലെ ഒപെക് ആശുപത്രിയിലാണ് സംഭവം. പുരുഷന്‍റെ അസ്ഥികൂടമാണ് ലിഫ്റ്റിനുള്ളിൽ കണ്ടത്. സംഭവത്തിലെ നിഗൂഢത അകറ്റാനായി പോലീസ് അന്വേഷണം തുടങ്ങി.[www.malabarflash.com]
1991ലാണ് 500 ബെഡുകളുള്ള ഒപെക് ആശുപത്രി നിർമാണം തുടങ്ങിയത്. പഴയ രീതിയിലുള്ള ലിഫ്റ്റ് 1997ൽ പ്രവർത്തനം നിലച്ചിരുന്നു. ഇതോടെ ലിഫ്റ്റ് അടച്ചുപൂട്ടുകയും ചെയ്തു. എന്നാൽ, സെപ്റ്റംബർ ഒന്നിന് അറ്റകുറ്റപ്പണികളുടെ ഭാഗമായി ലിഫ്റ്റ് തുറന്നപ്പോൾ അസ്ഥികൂടം കാണുകയായിരുന്നു.
ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുത്തു. ഡി.എൻ.എ പരിശോധനയും നടത്തുന്നുണ്ട്. 24 വർഷം മുമ്പുള്ള കാണാതാകൽ കേസുകൾ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
ലിഫ്റ്റിൽ കുടങ്ങി മരിച്ചതാണോ, ഉള്ളിൽ കയറി ശ്വാസംമുട്ടി മരിച്ചതാണോ എന്നെല്ലാം സംശയങ്ങളുണ്ട്. ഇത്രയും വർഷമായി മൃതദേഹം ലിഫ്റ്റിൽ കിടക്കുകയായിരുന്നോയെന്നത് പോലീസ് പൂർണമായും വിശ്വസിക്കുന്നില്ല. പ്രവർത്തിക്കാത്ത ലിഫ്റ്റിനുള്ളിൽ മൃതദേഹം കൊണ്ടിടുകയായിരുന്നോയെന്നും അന്വേഷിക്കും.
സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് എല്ലാവശവും പരിശോധിക്കുകയാണെന്നും ബസ്തി പൊലീസ് അഡിഷണൽ സൂപ്രണ്ട് ദീപേന്ദ്ര നാഥ് ചൗധരി പറഞ്ഞു.
0 Comments