താമരശ്ശേരി: തെരുവുവിളക്ക് ഓഫാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. സി.പി.എം കരിങ്ങമണ്ണ ബ്രാഞ്ച് സെക്രട്ടറി വെഴുപ്പൂര്‍ അരേറ്റകുന്ന് മുഹമ്മദ് നവാസ്(40)നാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് ചുടലമുക്ക് അങ്ങാടിയിലെ കച്ചവടക്കാരനും യൂത്ത് ലീഗ് ഭാരവാഹിയുമായ അരീക്കന്‍ സല്മാന് (38), മൂലത്ത് മണ്ണില്‍ ഷഫീഖ് (35) എന്നിവരെ താമരശ്ശേരി പോലീസ് അറസ്റ്റ്ചെയ്തു. ചുടലമുക്ക് അങ്ങാടിയിലെ തെരുവുവിളക്ക് ഓഫാക്കിയതുമായി ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് വാക്കേറ്റവും കത്തിക്കുത്തും നടന്നത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ചുടലമുക്ക് അങ്ങാടിയിലെ പലചരക്ക് കച്ചവടക്കാരനായ സല്മാന് അരീക്കന്‍ രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ഥാപനത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിനിടെ അങ്ങാടിയിലെ ഹൈമാസ് ലൈറ്റ് ഓഫ് ചെയ്തതിനെ നവാസ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ സൽമാനും നവാസും തമ്മിൽ പൂർവ്വ വൈരാഗ്യമുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
0 Comments