NEWS UPDATE

6/recent/ticker-posts

സണ്‍റൈസേഴ്‌സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് അനായാസ വിജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ വിജയം. ഹൈദരാബാദിനെ എട്ടുവിക്കറ്റിനാണ് ഡല്‍ഹി തകര്‍ത്തത്. ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 17.5 ഓവറില്‍ വിജയത്തിലെത്തി.[www.malabarflash.com]

പുറത്താവാതെ 47 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരും 42 റണ്‍സ് നേടിയ ശിഖര്‍ ധവാനുമാണ് ഡല്‍ഹിയുടെ ബാറ്റിങ്ങിന് കരുത്തേകിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഡല്‍ഹി ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഒന്‍പതിന് 134. ഡല്‍ഹി 17.5 ഓവറില്‍ രണ്ടിന് 139.

ഈ വിജയത്തോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 14 പോയന്റ് നേടിക്കൊണ്ട് ഡല്‍ഹി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എട്ടു മത്സരങ്ങളില്‍ ഒരു വിജയം മാത്രം കൈമുതലായുള്ള സണ്‍റൈസേഴ്‌സ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു. 

വലിയൊരു ഇടവേളയ്ക്ക് ശേഷം പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ ഫോം വീണ്ടെടുത്തത് ഡല്‍ഹിയ്ക്ക് ആശ്വാസം പകര്‍ന്നു. 2021 ഐ.പി.എല്ലിലെ ശ്രേയസ്സിന്റെ ആദ്യ മത്സരം കൂടിയാണിത്. പരിക്കുമൂലം താരത്തിന് കഴിഞ്ഞ എട്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു.

135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 20-ല്‍ നില്‍ക്കേ മൂന്നാം ഓവറില്‍ ഓപ്പണര്‍ പൃഥ്വി ഷായെ ഡല്‍ഹിയ്ക്ക് നഷ്ടമായി. 11 റണ്‍സെടുത്ത ഷായെ ഖലീല്‍ അഹമ്മദ് നായകന്‍ വില്യംസണിന്റെ കൈയ്യിലെത്തിച്ചു. മികച്ച ക്യാച്ചാണ് വില്യംസണ്‍ എടുത്തത്. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്. ഷായ്ക്ക് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. പരിക്കില്‍ നിന്നും മുക്തനായ ശ്രേയസ് ഏറെ നാളുകള്‍ക്ക് ശേഷമാണ് കളിക്കാനിറങ്ങിയത്.

ശ്രദ്ധയോടെ കളിച്ച ശ്രേയസ്സും ധവാനും ചേര്‍ന്ന് ഡല്‍ഹി ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സാണ് ഡല്‍ഹി നേടിയത്.

പിന്നാലെ തുടര്‍ച്ചയായി ആറു സീസണുകളില്‍ 400 റണ്‍സിലധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡ് ധവാന്‍ സ്വന്തമാക്കി. ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്‌ന എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയിട്ടുള്ളത്.

ധവാന്‍ അനായാസം ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ടീം സ്‌കോര്‍ കുതിച്ചു. 7.5 ഓവറില്‍ ഡല്‍ഹി 50 കടന്നു. എന്നാല്‍ അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ പുറത്താക്കി റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സിന് ആശ്വാസം പകര്‍ന്നു. 37 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്ത ധവാനെ അബ്ദുള്‍ സമദ് ക്യാച്ചെടുത്ത് പുറത്താക്കി.

ധവാന് പകരം നായകന്‍ ഋഷഭ് പന്ത് ക്രീസിലെത്തി. പന്തിനെ കൂട്ടുപിടിച്ച് ശ്രേയസ് ടീം സ്‌കോര്‍ 100 കടത്തി. വൈകാതെ ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. ശ്രേയസ് 41 പന്തുകളില്‍ നിന്ന് രണ്ട് വീതം ബൗണ്ടറികളുടെയും സിക്‌സുകളുടെയും സഹായത്തോടെ 47 റണ്‍സെടുത്തും ഋഷഭ് പന്ത് 21 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്തും പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാനും ഖലീല്‍ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആന്റിച്ച് നോര്‍ക്കെ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സെടുക്കും മുന്‍പ് പുറത്തായി. നോര്‍ക്കെയുടെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച വാര്‍ണറുടെ ശ്രമം പാളി. ബാറ്റില്‍ തട്ടി ഉയര്‍ന്നുപൊന്തിയ പന്ത് അക്ഷര്‍ പട്ടേല്‍ അനായാസം കൈയ്യിലൊതുക്കി. മോശം ഫോം തുടരുന്ന വാര്‍ണര്‍ ഈ മത്സരത്തിലും പരാജയമായി.

വാര്‍ണര്‍ക്ക് പകരം ക്രീസിലെത്തിയ നായകന്‍ കെയ്ന്‍ വില്യംസണെ കൂട്ടുപിടിച്ച് വൃദ്ധിമാന്‍ സാഹ സണ്‍റൈസേഴ്‌സ് ബാറ്റിങ്ങിന് നേതൃത്വം നല്‍കി. നന്നായി തുടങ്ങിയ സാഹ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. കഗിസോ റബാദയുടെ ഷോര്‍ട്ട് പിച്ച് ബോള്‍ ആക്രമിക്കാന്‍ ശ്രമിച്ച സാഹയുടെ ഷോട്ട് ഉയര്‍ന്നുപൊന്തി. പന്ത് അനായാസം ശിഖര്‍ ധവാന്‍ കൈയ്യിലൊതുക്കി. 17 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത് സാഹ പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ 29-ല്‍ മാത്രമാണ് എത്തിയത്.

സാഹയ്ക്ക് പകരമായി മനീഷ് പാണ്ഡെ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 32 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്‌സിന് നേടാനായത്. 8.3 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. എന്നാല്‍ വളരെ ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയ വില്യംസണെയും മനീഷിനെയും മടക്കി ഡല്‍ഹി മത്സരത്തില്‍ പിടിമുറുക്കി. വില്യംസണെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങള്‍ കളഞ്ഞുകുളിച്ച ഡല്‍ഹി ഫീല്‍ഡര്‍മാര്‍ മൂന്നാം ശ്രമത്തില്‍ വിജയം കണ്ടു.

അക്ഷര്‍ പട്ടേലിന്റെ പന്തില്‍ സിക്‌സ് നേടാനുള്ള സണ്‍റൈസേഴ്‌സ് നായകന്റെ ഷോട്ട് ബൗണ്ടറി ലൈനില്‍ വെച്ച് ഷിംറോണ്‍ ഹെറ്റ്‌മെയര്‍ കൈയ്യിലൊതുക്കി. 26 പന്തുകളില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് താരം നേടിയത്. തൊട്ടുപിന്നാലെ നിലയുറപ്പിക്കാന്‍ ശ്രമിച്ച മനീഷ് പാണ്ഡെയെ മടക്കി റബാദ സണ്‍റൈസേഴ്‌സിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. റബാദയെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പാണ്ഡെയുടെ ബാറ്റിന്റെ എഡ്ജിലാണ് പന്ത് തട്ടിയത്. ഉയര്‍ന്നുപൊന്തിയ പന്ത് റബാദ തന്നെ പിടിച്ചതോടെ സണ്‍റൈസേഴ്‌സ് 61 ന് നാല് എന്ന നിലയിലേക്ക് വീണു. 16 പന്തുകളില്‍ നിന്ന് 17 റണ്‍സാണ് താരം നേടിയത്. പിന്നാലെ വന്ന കേദാര്‍ യാദവിനും പിടിച്ചുനില്‍ക്കാനായില്ല. വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത യാദവിനെ നോര്‍ക്കെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ സണ്‍റൈസേഴ്‌സ് 74 ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

യാദവിന് പകരം ക്രീസിലെത്തിയ ജേസണ്‍ ഹോള്‍ഡര്‍ ഒരു സിക്‌സടിച്ച് ഫോമിലേക്ക് ഉയരുമെന്ന് തോന്നിച്ചെങ്കിലും 10 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേല്‍ പൃഥ്വി ഷായുടെ കൈയ്യിലെത്തിച്ചു. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന അബ്ദുള്‍ സമദ് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ സ്‌കോര്‍ 115-ല്‍ നില്‍ക്കേ സമദിനെ പുറത്താക്കി റബാദ തന്റെ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. 21 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത താരത്തെ റബാദ വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈയ്യിലെത്തിച്ചു.

വാലറ്റത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച റാഷിദ് ഖാനാണ് സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 22 റണ്‍സെടുത്ത റാഷിദ് അവസാന ഓവറില്‍ റണ്‍ഔട്ടായി. പിന്നാലെ വന്ന സന്ദീപ് ശര്‍മയും റണ്‍ ഔട്ട് ആയതോടെ സണ്‍റൈസേഴ്‌സ് 134 റണ്‍സിലേക്ക് ഒതുങ്ങി. ഭുവനേശ്വര്‍ കുമാര്‍ അഞ്ച് റണ്‍സ് നേടി പുറത്താവാതെ നിന്നു.

ഡല്‍ഹിയ്ക്ക് വേണ്ടി കഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്റിച്ച് നോര്‍ക്കെ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Post a Comment

0 Comments