NEWS UPDATE

6/recent/ticker-posts

ഉദുമയുടെ ജനകീയ ഡോക്ടര്‍ സാലിഹ് മുണ്ടോള്‍ അന്തരിച്ചു

ഉദുമ: ഉദുമക്കാരുടെ പ്രിയപ്പെട്ട ഡോക്ടര്‍ സാലിഹ് മുണ്ടോള്‍ (76) അന്തരിച്ചു. മലപ്പുറം മഞ്ചേരിയിലെ മകളുടെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരണം. രാത്രിയോടെ ഉദുമയിലെത്തിക്കുന്ന മൃതദേഹം പാക്യാര ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും.[www.malabarflash.com]


മെഡിക്കല്‍ എത്തിക്‌സ് പൂര്‍ണ്ണമായും പിന്തുടര്‍ന്ന ഡോക്ടറായിരുന്നു. തന്റെ മുന്നില്‍എത്തുന്ന രോഗിയുടെ രോഗം കണ്ടെത്തുന്നകാര്യത്തില്‍ പ്രധാന കഴിവ് തെളിയിച്ച ഡോക്ടറായിരുന്നു അദ്ദേഹം.

40 വര്‍ഷം ഉദുമക്കാരെ സേവിക്കാന്‍ അവസരം ലഭിച്ച പ്രകൃതി സ്‌നേഹിയും മനുഷ്യ സ്‌നേഹിയുമായിരുന്നു. 75-80 കാലഘട്ടത്തില്‍ ഉദുമ പള്ളത്തിലെ മാളിക വളപ്പില്‍ തുടങ്ങിയ ആശുപത്രി രോഗികള്‍ക്ക് ആശ്രയമായിരുന്നു. പിന്നീട് പുതിയ നിരത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറി.

പ്രകൃതിയിയെ അതിരില്ലാതെ സ്‌നേഹിച്ചിരുന്ന അദ്ദേഹം ഉദുമ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മരങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. പാലക്കുന്നിനും ഉദുമയ്ക്കുമിടയില്‍ കെ.എസ്.ടി.പി റോഡരികില്‍ കാണുന്ന പല മരങ്ങളും അദ്ദേഹം വെച്ചു പിടിപ്പിച്ചതാണ്. ജനങ്ങള്‍ക്ക് തണലും ഓക്‌സിജനും കിട്ടാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്.

ജനങ്ങള്‍ക്കിടയില്‍ നിശ്ശബ്ദനായി നിന്നു കൊണ്ട് മനുഷ്യന്റെ കാവലാളായി നിന്ന വലിയ ഒരു മനസ്സിന്റെ ഉടമയായിരുന്ന ഡോ. സാലിഹ് മുണ്ടോളിന്റെ വിയോഗം ഉദുമക്കാര്‍ക്ക് വലിയ നഷ്ടം തന്നെയാണ്.

പരേതരായ മുണ്ടോള്‍ ആമുവിന്റെയും ആയിഷയുടെയും മകനാണ്.
ഭാര്യ: മറിയം സാലിഹ് (ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍)
മക്കള്‍: ഹാഷിം മുണ്ടോള്‍ ( സ്വിസ് സര്‍ലാന്‍ഡ്), ഡോ. ഷംസാദ് മുണ്ടോള്‍ (മഞ്ചേരി ഗവ. അസ്പത്രി) സാജിത.
മരുമക്കള്‍: ബബിത പാലക്കാട്, ഡോ.ടി മുഹമ്മദ് കോഴിക്കോട് (എല്ല് രോഗ വിദഗ്ധന്‍)
സഹോദരങ്ങള്‍: ജമീല, പരേതരായ മുഹമ്മദ് മുണ്ടോള്‍ (റിട്ട. എഇഒ) അബ്ദുല്ല മുണ്ടോള്‍, ബീഫാത്തിമ, ഖദീജ.

Post a Comment

0 Comments