NEWS UPDATE

6/recent/ticker-posts

മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ്, സ്ത്രീ ഉൾപ്പെടെ നാല് പേർ പിടിയിൽ

ഇടുക്കി: അടിമാലി യൂണിയന്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗസംഘത്തെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റുപാറ പുത്തന്‍പുരയ്ക്കല്‍ മഞ്ജുഷ (28) കീരിത്തോട് പകുതിപാലം കപ്യാരുകുന്നേല്‍ സുനീഷ് (28), മച്ചിപ്ലാവ് പ്ലാക്കിതടത്തില്‍ ഷിജു (42) കട്ടപ്പന കാട്ടുകുടി സുഭാഷ് (44)എന്നിരാണ് അറസ്റ്റില്‍ ആയത്.[www.malabarflash.com]

ജില്ലാ പോലീസ് മേധാവിയുടെ നേത്യത്വത്തില്‍ ഇത്തരം സംഘങ്ങളെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്.

കഴിഞ്ഞ 16 ന് അടിമാലി യൂണിയന്‍ ബാങ്ക് ശാഖയില്‍ 32 ഗ്രാം മുക്കുപണ്ടം പണയം വച്ച് കേസിലെ ഒന്നാം പ്രതി മഞ്ജുഷ 92,000 രൂപ തട്ടിയെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞത്. പിന്നീട് സംഘം രണ്ടര ലക്ഷത്തിന്റെ തട്ടിപ്പുകൂടി നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. യൂണിയന്‍ ബാങ്ക് ശാഖയില്‍ യുവതി പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

ഇതോടെ പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. ബാങ്ക് അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതി അറസ്റ്റിലായി. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെ ആണ് തട്ടിപ്പ് സംഘത്തിലെ മറ്റു മൂന്ന് പേരെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

മുക്കുപണ്ടത്തില്‍ 9.16 ഹാള്‍ മാര്‍ക് മുദ്ര പതിച്ചു നല്‍കിയിരുന്നത് കട്ടപ്പന സ്വദേശി സുഭാഷ് ആണ്. ഇയാളും സുനീഷും ചേര്‍ന്ന് വര്‍ഷങ്ങളായി തട്ടിപ്പു നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുരിക്കാശേരി, ഇടുക്കി, ഹരിപ്പാട്,അഅമ്പലപ്പുഴ എന്നിവിടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത 20 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്.

അടുത്തനാളില്‍ ഇയാള്‍ മഞ്ജുഷയുമായി സുഹൃത് ബന്ധത്തിലായി. ഇതോടെ ആണ് യുവതിയും തട്ടിപ്പു സംഘത്തിലെ കണ്ണിയായത്. ഇതുകൂടാതെ അടിമാലിയില്‍ വര്‍ക്ക് ഷോപ്പ് നടത്തിവരുന്ന ഷിജുവുമായി സുനീഷ് അടുപ്പത്തിലായി. തുടര്‍ന്ന് ഇയാളെയും സംഘത്തില്‍ ഉള്‍പ്പെടുത്തി തട്ടിപ്പ് വ്യാപകമാക്കുകയായിരുന്നു.

കൂടാതെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ അടുത്ത നാളില്‍ തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.

Post a Comment

0 Comments