NEWS UPDATE

6/recent/ticker-posts

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം മകന്‍ ഒരു വര്‍ഷത്തിലേറെ നിലവറയില്‍ ഒളിപ്പിച്ചു

ഓസ്‌ട്രേലിയ: പെന്‍ഷന്‍ തുക മുടങ്ങാതെ ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തോളം നിലവറയില്‍ ഒളിപ്പിച്ചുവെച്ചു. ഓസ്‌ട്രേലിയയിലെ ടൈറോലിലാണ് ഞെട്ടിക്കുന്ന സംഭവം.[www.malabarflash.com]


പൂച്ചയ്ക്കു വേണ്ടി ഉപയാഗിക്കുന്ന വലിയ പാത്രത്തിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്. മണം പുറത്തുവരാതിരിക്കാന്‍ ഐസ് പാക്കേജുകളും ബാന്‍ഡേജുകളും ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. നിലവറ സദാ സമയവും അടച്ചിട്ടിരുന്നതിനാല്‍, പുറത്തുള്ളവര്‍ക്കാര്‍ക്കും ഈ വിവരം അറിയുമായിരുന്നില്ല.

89 വയസ്സുണ്ടായിരുന്ന അമ്മയ്ക്ക് മറവി രോഗമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലായിരിക്കണം ഇവര്‍ മരിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. അമ്മയും 66 വയസ്സുകാരനായ മകനും ഒരുമിച്ചായിരുന്നു താമസം. അമ്മ മരിച്ച വിവരം സഹോദരനെ പോലും അറിയിക്കാതെ ഇയാള്‍ മൂടിവെക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അടുത്തുള്ള ആശുപത്രിയില്‍ പ്രത്യേക പരിചരണത്തിലാണ് അമ്മ എന്നാണ് ഇയാള്‍ സഹോദരനോട് പറഞ്ഞിരുന്നത്. അസുഖം കലശലായതിനാല്‍ ആര്‍ക്കും കാണാനാവില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നതായി പോലീസ് പറയുന്നു.

അമ്മയുടെ പെന്‍ഷന്‍ തുക തട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയുടെ പെന്‍ഷന്‍ ഇനത്തില്‍ ഒരു വര്‍ഷം കൊണ്ട് ഇയാള്‍ അമ്പതിനായിരം യൂറോ (ഏതാണ്ട് 43.5 ലക്ഷം രൂപ) കൈപ്പറ്റിയതായാണ് വിവരം.

അമ്മയുടെ പെന്‍ഷന്‍ തുക കൊണ്ടുവന്ന പുതിയ പോസ്റ്റുമാന് തോന്നിയ സംശമാണ് ഈ വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട പോസ്റ്റുമാനോട് ഇയാള്‍ ഒഴികഴിവുകള്‍ പറഞ്ഞത് സംശയത്തിനിടയാക്കി. പോസ്റ്റുമാന്‍ ഈ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കഥ പുറത്തുവന്നത്.

ജോലിയോ വരുമാനമോ ഇല്ലാത്ത താന്‍ അമ്മയുടെ മരണത്തോടെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലായെന്നും ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ തുക മുടങ്ങാതിരിക്കാന്‍ ഈ കടും കൈ ചെയ്തതെന്നുമാണ് മകന്‍ പറയുന്നത്. അമ്മയുടെ വരുമാനം ഇല്ലാതാവുന്നതോടെ വീട്ടു ചെലവു നടത്താനാവാത്ത അവസ്ഥയിലാണെന്നും ഇയാള്‍ പറയുന്നു.

Post a Comment

0 Comments