NEWS UPDATE

6/recent/ticker-posts

വഖഫ് സ്വത്തുക്കള്‍ പൂർണമായി വീണ്ടെടുത്ത് സംരക്ഷിക്കുമെന്ന് മന്ത്രി അബ്​ദുറഹിമാന്‍

മഞ്ചേരി: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ പൂര്‍ണമായും വീണ്ടെടുത്ത്​ സംരക്ഷിക്കുമെന്ന് വഖഫ്, ഹജ്ജ് മന്ത്രി വി. അബ്​ദുറഹിമാന്‍. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള വഖഫ് രജിസ്‌ട്രേഷന്‍ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മഞ്ചേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


ഇതിനായി വഖഫ് സര്‍വേ പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളില്‍ പൂര്‍ത്തിയായി. വഖഫ് സ്വത്തുക്കള്‍ അനര്‍ഹമായി കൈവശം വെക്കുകയും കൈയേറുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് 16 വര്‍ഷത്തിന്​ ശേഷമാണ് വഖഫ് രജിസ്‌ട്രേഷന്‍ അദാലത്തുകള്‍ പുനരാരംഭിക്കുന്നതെന്നും വഖഫ്, ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അദാലത്ത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ 140 വഖഫ് സ്വത്തുക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണം ചെയ്തു. 60 വയസ്സ് പിന്നിട്ട പള്ളി, മദ്​റസ ജീവനക്കാര്‍ക്ക് വഖഫ് ബോര്‍ഡിന്റെ സാമൂഹികക്ഷേമ പദ്ധതിയില്‍നിന്നുള്ള ധനസഹായ വിതരണവും നടന്നു. ഒമ്പത് പേര്‍ക്ക് ആറുമാസത്തെ സഹായധനമായ 6,000 രൂപ വീതമാണ് നല്‍കിയത്. 

വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ നടക്കാതിരുന്ന 52 വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച പരാതികളില്‍ 15 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. മറ്റ്​ പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Post a Comment

0 Comments