NEWS UPDATE

6/recent/ticker-posts

ഒന്നാംക്ലാസ് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച കേസിൽ സ്കൂളിലെ സന്മാർഗ അധ്യാപകന് ഇരുപത്തിയൊമ്പതര വർഷം തടവ്

തൃശൂർ: സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ ഒന്നാംക്ലാസ്‌ വിദ്യാർഥിനിയെ ബസിൽ വെച്ച് പീഡിപ്പിച്ച സന്മാർഗ അധ്യാപകന് ഇരുപത്തിയൊമ്പതര വർഷം തടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പാവറട്ടി പുതുമനശ്ശേരിയിലുള്ള സ്കൂളിലെ മോറൽ സയൻസ് അധ്യാപകൻ നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടിൽ അബ്ദുൽ റഫീഖി (44)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.[www.malabarflash.com]

2012ലാണ് സംഭവം നടന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുമ്പോൾ ബസിൽ തളർന്ന് മയങ്ങിയ കുട്ടിയെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

സാക്ഷികളായ അധ്യാപകർ കേസിന്‍റെ വിചാരണ വേളയിൽ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കേസ് തെളിയിക്കുകയായിരുന്നു. പാവറട്ടി ഇൻസ്പെക്ടറായിരുന്ന എം.കെ. രമേഷും എ. ഫൈസലുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പിഴ അടച്ചില്ലെങ്കിൽ അധ്യാപകൻ രണ്ടു വർഷം ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. പോക്സോ നിയമം പ്രാബല്യത്തിൽ വന്ന ശേഷം തൃശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത പോക്സോ കേസ് ആണിത്.

Post a Comment

0 Comments