കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പോലീസ് വ്യക്തമാക്കി.[www.malabarflash.com]
കഴിഞ്ഞ ശനിയാഴ്ചയാണ് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപ്പുരയ്ക്കല്‍ സ്വദേശികളായ ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വീട്ടിൽ കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. വായിൽ നിന്ന് നുര പുറത്തു വന്ന നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം.
സംഭവസമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയാണ് ഓട്ടോ ഡ്രൈവറായ ഭർത്താവിനെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
കുഞ്ഞിൻ്റെ മാതാവിന് മാനസിക പ്രശ്നങ്ങളുള്ളതായും അതിന് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. കുഞ്ഞിൻ്റെ ശരീരത്തിൽ ബലപ്രയോഗത്തിൻ്റെ ലക്ഷണങ്ങളോ പാടുകളോ ഉണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കുടുംബാഗങ്ങളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴി ശേഖരിച്ചിരുന്നു.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ മാതാവ് വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്. മാനസിക വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷം മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിൻ്റെ തീരുമാനം.
0 Comments