NEWS UPDATE

6/recent/ticker-posts

ക്രിസ്തുമതം വിട്ടതിലധികവും ദളിതർ; അധികവും പോയത് ഹിന്ദുമതത്തിലേക്ക്

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർക്കോടിക് ജിഹാദ് പരാമർശം രാഷ്ട്രീയ കേരളത്തിൽ കത്തിനിൽക്കെ, സർക്കാരിന്റെ ഏറ്റവും ആധികാരികമായ രേഖയിൽ നിന്ന് വ്യക്തമാകുന്നത് വേറിട്ട മതംമാറ്റ ചിത്രം.[www.malabarflash.com]

സംസ്ഥാനത്ത് 2021 ജനുവരി മാസം മുതൽ ജൂലൈ മാസാവസാനം വരെ നടന്ന മതംമാറ്റങ്ങളിൽ, ക്രിസ്തുമതം ഉപേക്ഷിച്ചവർ അധികവും പോയത് ഹിന്ദുമതത്തിലേക്കാണെന്ന് ഗസറ്റ് വിജ്ഞാപനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ തന്നെ ബഹുഭൂരിപക്ഷവും ദളിത് ക്രൈസ്തവരാണ്.

സർക്കാരിന്റെ ഗസറ്റിലെ വിജ്ഞാപനമാണ് സംസ്ഥാനത്തെ പേര് മാറ്റം, മതംമാറ്റം തുടങ്ങിയ നടപടികളുടെ അവസാന പടി. അതിനാൽ തന്നെ നിലവിൽ ലഭ്യമായ ഏറ്റവും ആധികാരികമായ രേഖയുമാണ് സംസ്ഥാന സർക്കാർ ഗസറ്റ്. ഈ രേഖകളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ആകെ 449 പേരാണ് ഈ കാലയളവിൽ മതംമാറിയതെന്ന് വ്യക്തമായി.

ഹിന്ദുമതത്തിലേക്കാണ് കൂടുതൽ മതംമാറ്റം നടന്നിട്ടുള്ളത്. 2021 ജനുവരി മുതൽ ജൂലൈ അവസാനം വരെ മതംമാറിയവരിൽ 181 ആൾക്കാർ ഹിന്ദുമതത്തിലേക്കാണ് പോയത്. ക്രിസ്തു മതത്തിൽ നിന്നും ഇസ്ലാം മതത്തിൽ നിന്നുമാണ് ഇത്രയും പേർ ഹിന്ദുമതത്തിലേക്ക് പോയത്. ഇതിൽ തന്നെ 166 പേർ ക്രിസ്തു മതം വിട്ടുപോയവരാണ്. 15 പേരാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് പോയത്.

ആകെ 211 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് ഇക്കാലയളവിൽ മറ്റ് മതവിശ്വാസങ്ങൾ സ്വീകരിച്ചത്. ഇവരിൽ 45 പേരാണ് മുസ്ലിം മതത്തിലേക്ക് പോയത്. മതംമാറിയവരിൽ 145 പേർ ദളിത് ക്രൈസ്തവരാണ്. ഹിന്ദുമതത്തിലേക്ക് മാറിയ ക്രൈസ്തവരിൽ 122 പേരും ക്രിസ്ത്യൻ പുലയ, ക്രിസ്ത്യൻ സാംബവ, ക്രിസ്ത്യൻ ചേരമർ സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഇതിലധികവും കുടുംബത്തോടെ മതംമാറിയവരാണ്. അതേസമയം മുസ്ലിം മതവിശ്വാസത്തിലേക്ക് പോയവരിൽ പകുതിയിലധികം ക്രൈസ്തവരും പുരുഷന്മാരാണെന്നാണ് നിഗമനം.

ഹിന്ദുമതത്തിൽ നിന്നാണ് ഏറ്റവുമധികം ആളുകൾ മറ്റ് മതവിശ്വാസങ്ങൾ സ്വീകരിച്ചത്, 220 പേർ. 105 പേർ ക്രിസ്തുമത വിശ്വാസവും 115 പേർ ഇസ്ലാം മത വിശ്വാസവും സ്വീകരിച്ചു. ഇക്കാലയളവിൽ ഇസ്ലാം മതം ഉപേക്ഷിച്ചത് ആകെ 18 വിശ്വാസികളാണ്. 15 പേർ ഹിന്ദുമതത്തിലേക്കും മൂന്ന് പേർ ക്രിസ്തുമതത്തിലേക്കുമാണ് മാറിയത്.

ഈ രേഖകൾ www.gazette.kerala.gov.in എന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ ലഭ്യമായ ഗസറ്റ് രേഖകളിൽ നിന്നും ഈ കണക്കുകൾ ആർക്കും ഏതുസമയവും പരിശോധിക്കാൻ കഴിയും.

Post a Comment

0 Comments