കണ്ണൂർ: രാജ്യത്ത് പലയിടത്തും വിഭജന ശ്രമങ്ങൾ നടക്കുകയാണെന്നും ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഒരു മതവിഭാഗത്തിനെതിരെ തിരിച്ചു വിടുന്ന പ്രവണതയും വ്യാപകമായി കൊണ്ടിരിക്കുന്നുവെന്നും ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിച്ച് ഇവയെ ചെറുത്ത് തോൽപിക്കുകയാണ് വേണ്ടതെന്നും തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിക്കുന്ന 28ാം കേരള സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ തകർക്കാൻ ഇന്ത്യക്കകത്തും പുറത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഭിന്നിപ്പിച്ച് സ്വാതന്ത്ര്യ വാഞ്ജയെ ഇല്ലാതാക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. അതിന്റെ പരിണിത ഫലമായി ഇന്ത്യ സ്വതന്ത്രമായപ്പോൾ രാജ്യം വെട്ടിമുറിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ വിഭജന തന്ത്രങ്ങളിൽ വീണതിന് രാജ്യവും ജനങ്ങളും വലിയ വില നൽകേണ്ടി വന്നു. പുതിയ സാഹചര്യത്തിൽ സ്ഥാപിത താത്പര്യക്കാർ നടത്തുന്ന വിഭജന ശ്രമങ്ങളിൽ വീഴാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സി പി സൈതലവി മാസ്റ്റർ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, കെ വൈ നിസാമുദ്ദീൻ ഫാളിലി, സി എൻ ജഅഫർ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ കാസര്‍കോട്, മുഹമ്മദലി കിനാലൂർ സംസാരിച്ചു.
ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന കേരള സാഹിത്യോത്സവിൽ തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത കല, സാഹിത്യ, സാംസ്കാരിക പരിപാടികളുണ്ടാകും. ഡിജിറ്റൽ ആയാണ് കേരള സാഹിത്യോത്സവ് നടക്കുന്നത്. സമാപന സമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
0 Comments