NEWS UPDATE

6/recent/ticker-posts

തൊപ്പിയിട്ട സ്വാമി - കാവിയണിഞ്ഞ മൗലവി; ചരിത്രമാണ്​ ആ സായാഹ്​നം

കണ്ണൂർ: അരനൂറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനത്തിൽ ഏറ്റവും വിലപ്പെട്ടതായി മുസ്​ലിം ലീഗ്​ നേതാവ്​ വി.കെ അബ്​ദുൽ ഖാദർ മൗലവി മനസ്സിൽ സൂക്ഷിച്ചത്​ കണ്ണൂർ കലക്​ടറേറ്റ്​ മൈതാനത്തെ ആ സായാഹ്​നമാണ്​.[www.malabarflash.com].

പൗരത്വനിയമ ഭേദഗതിക്കെതിരായ ആയിരങ്ങൾ തിങ്ങിനിറഞ്ഞ മഹാറാലി. മുഖ്യപ്രഭാഷണം നിർവഹിക്കുകയാണ്​ സ്വാമി അഗ്​നിവേശ്​. പ്രസംഗം ഒന്നുനിർത്തിയ സ്വാമി വേദിയിൽ മുൻനിരയിലിരിക്കുകയായിരുന്ന മൗലവിയെ അടുത്തേക്ക്​ വിളിച്ചു. തന്റെ കാഷായ തലപ്പാവ്​ അഴിച്ചു മൗലവിയുടെ തലയിൽ ചാർത്തി. മൗലവിയുടെ വെള്ളത്തൊപ്പി സ്വാമി ധരിക്കുകയും ചെയ്​തു. തൊപ്പിയിട്ട സ്വാമിയും കാവി തലപ്പാവണിഞ്ഞ മൗലവിയും ചേർന്നുനിന്നു.

പൗരത്വ പ്രക്ഷോഭകരെ വസ്​ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തോടുള്ള സ്വാമിയുടെ സർഗാത്​മക പ്രതികരണമായിരുന്നു അത്​. 

സ്വാമി അഗ്​നിവേശ്​ കഴിഞ്ഞ വർഷം സെപ്​റ്റംബർ 11ന്​ വിടവാങ്ങി. സ്വാമിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ ജീവിതത്തിൽ വിലപ്പെട്ട അനുഭവം സമ്മാനിച്ച അഗ്​നിവേശുമായി വീണ്ടും കാണാനും സംസാരിക്കാനും കഴിയാതെ പോയതിന്റെ ദുഖമാണ്​ മൗലവി പങ്കുവെച്ചത്​. മൗലവി വെള്ളിയാഴ്ച് വിടപറയുമ്പോൾ സമുദായ സൗഹാർദ്ദത്തിന്റെ പ്രതീകമായി ഇരുവരുടെയും 'തൊപ്പി - തലപ്പാവ്​ വെച്ചുമാറൽ' ചിത്രം ബാക്കിയാവുന്നു.

പേരിൽ മൗലവിയും ​വേഷത്തിൽ തൊപ്പിയും കൂടെ കൊണ്ടുനടന്ന വി.കെ. അബ്​ദുൽഖാദർ മൗലവി, രാഷ്​ട്രീയത്തിലും സമുദായങ്ങൾക്കിടയിലും എല്ലാവർക്കും സ്വീകാര്യനായിരുന്നു. സൗമ്യമായ പെരുമാറ്റവും മിതത്വവും പക്വതയും പാലിച്ചുള്ള വാക്കുകൾക്കും ലഭിച്ച അംഗീകാരമാണത്​. മതസൗഹാര്‍ദത്തിനും സമുദായ ഐക്യത്തിനും വേണ്ടിയാണ്​ എന്നും നിലകൊണ്ടത്​.

രാഷ്ട്രീയ സംഘർഷങ്ങളുടെ വിളനിലമായ കണ്ണൂരിൽ അദ്ദേഹം എന്നും സമാധാനത്തിന്റെ വാക്​താവായിരുന്നു. അരനൂറ്റാണ്ടോളം നിറഞ്ഞുനിന്നിട്ടും കുറച്ചുകാലം ജില്ല കൗൺസിൽ/പഞ്ചായത്ത്​ അംഗമായത്​ ഒഴിച്ചാൽ പാർലമെൻററി രംഗത്ത്​ കാര്യമായ അവസരം ലഭിച്ചില്ല. അധികാരത്തിന്​ പിന്നാലെ ഓടിയ നേതാവായിരുന്നില്ല മൗലവി. 

87ൽ അഴീക്കോട്​ മണ്​ഡലത്തിൽ പത്രിക സമർപ്പിച്ച ശേഷം എം.വി. രാഘവന്​ വേണ്ടി പിൻവാങ്ങേണ്ടി വന്നപ്പോഴും വാക്കുകൊണ്ടുപോലും നീരസം പ്രകടിപ്പിച്ചില്ല. ​മുസ്​ലിംലീഗ്​ രാഷ്​ട്രീയത്തിൽ തലമുറകളെ കൂട്ടിയിണക്കിയ കാരണവരാണ്​ വിടവാങ്ങിയത്​. അവസാന നാളുകളിലും പാർട്ടി പരിപരിപാടികളിൽ സജീവമായിരുന്നു.

Post a Comment

0 Comments