NEWS UPDATE

6/recent/ticker-posts

അധ്യാപിക അനുമതിയില്ലാതെ വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു, ഏഴ് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ഗ്രാൻഡ് റാപ്പിഡ്: വീട്ടുകാരുടെ അനുമതിയില്ലാതെ വിദ്യാർത്ഥിനിയുടെ മുടി മുറിച്ച അദ്ധ്യാപികക്കെതിരെ കേസ് കൊടുത്ത് പെൺകുട്ടിയുടെ അച്ഛൻ. ഏഴ് വയസ്സുകാരിയുടെ മുടി മുറിച്ച സംഭവത്തിൽ സ്കൂൾ ഡിസ്ട്രിക്റ്റിനും, സ്കൂളിലെ രണ്ട് ജീവനക്കാർക്കുമെതിരെ ജിമ്മി ഹോഫ്‌മേയർ 7. 35 കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു.[www.malabarflash.com]

മൗണ്ട് പ്ലസന്റ് പബ്ലിക് സ്കൂളിനെതിരെ ഗ്രാൻഡ് റാപ്പിഡ്സിലെ ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ഒരു മിശ്രവംശക്കാരിയായ പെൺകുട്ടിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും, അവൾ വംശീയ വിവേചനത്തിനും, വൈകാരിക ബുദ്ധിമുട്ടുകൾക്കും, ആക്രമണത്തിനും വിധേയയായെന്നും ജിമ്മി ആരോപിച്ചു.

കഴിഞ്ഞ ഏപ്രിലിൽ മകൾ ജർണി ഒരു ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ ഒരു വശത്തെ മുടി മുറിച്ചിരിക്കുന്നതായി വീട്ടുകാർ കണ്ടെത്തി. സ്കൂൾ ബസിൽ വച്ച് തന്റെ നീണ്ട ചുരുണ്ട മുടി ഒരു സഹപാഠി കത്രിക ഉപയോഗിച്ച് മുറിച്ചതാണെന്ന് മകൾ പറഞ്ഞു. എന്നാൽ, അദ്ദേഹം അതൊരു വലിയ സംഭവമാക്കിയില്ല.

രണ്ട് ദിവസങ്ങൾക്ക് ശേഷം, സ്കൂളിൽ നിന്ന് മടങ്ങിവന്ന ജർണിയുടെ മറുഭാഗത്തെ മുടിയും മുറിച്ചിരിക്കുന്നതായി മാതാപിതാക്കൾ കണ്ടെത്തി. ഇതും മറ്റേതെങ്കിലും കുട്ടിയായിക്കും ചെയ്തിരിക്കുക എന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ തന്റെ മുടി ഇത്തവണ മുറിച്ചത് ഒരു അധ്യാപികയാണ് എന്നായിരുന്നു മകളുടെ മറുപടി. രണ്ടു വശവും ഒരേപോലെയാകാൻ ബാക്കിയുണ്ടായിരുന്ന മുടി കൂടി ടീച്ചർ മുറിച്ചുമാറ്റി. മറ്റ് രണ്ട് ജീവനക്കാർക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നെങ്കിലും, അവരാരും സംഭവം റിപ്പോർട്ട് ചെയ്തില്ല.

രക്ഷിതാക്കളുടെ അനുമതിയില്ലാതെ അധ്യാപിക മുടിമുറിച്ചത് സ്കൂൾ നയത്തിന് എതിരായിരുന്നു. ഇതിനെ തുടർന്ന്, മൗണ്ട് പ്ലസന്റ് പബ്ലിക് സ്കൂൾ ബോർഡ് ഓഫ് എഡ്യൂക്കേഷൻ ജൂലൈയിൽ നടത്തിയ ഒരു അന്വേഷണത്തിൽ അദ്ധ്യാപിക സ്കൂൾ നയം ലംഘിച്ചുവെന്ന് കണ്ടെത്തി. എന്നാലും, അതിൽ ഒരു ദുരുദ്ദേശമുണ്ടായിരുന്നില്ലെന്ന് ബോർഡ് പറഞ്ഞു. അധ്യാപിക വംശീയ പക്ഷപാതിത്വത്തോടെ പ്രവർത്തിച്ചിട്ടില്ലെന്നും അവർ വിലയിരുത്തി. മൗണ്ട് പ്ലസന്റിലെ ഗനിയാർഡ് എലിമെന്ററി സ്കൂൾ ടീച്ചർക്ക് കർശനമായ താക്കീത് നൽകിയെങ്കിലും, പിരിച്ചുവിടാൻ താല്പര്യപ്പെട്ടില്ല.

അതേസമയം ബോർഡ് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ വംശീയ വിവേചനമില്ലെന്ന് കണ്ടെത്തി. ജില്ലാ ഭരണാധികാരികളും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. എന്നാൽ, സംഭവത്തിൽ തന്നെയോ ജർണിയെയോ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്ന് ജിമ്മി പറഞ്ഞു. "സ്കൂൾ അവരുടെ ജീവനക്കാരെ ശരിയായി പരിശീലിപ്പിക്കുന്നതിലും, നിരീക്ഷിക്കുന്നതിലും ജീവക്കാർ അച്ചടക്കം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിലും പരാജയപ്പെട്ടു. ജീവനക്കാർ അനുചിതമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നുവെന്ന് സ്കൂൾ അറിയണമായിരുന്നു" പരാതിയിൽ പറയുന്നു. കുട്ടി ഇപ്പോൾ മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്.

Post a Comment

0 Comments