NEWS UPDATE

6/recent/ticker-posts

മാലപ്പടക്കത്തിന് തീ കൊടുത്ത പോലെ ശബ്ദം; വീട്ടിനുള്ളിലെ ടൈലുകള്‍ ഒന്നാകെ പൊട്ടിത്തെറിച്ചു

കോഴിക്കോട്: മാലപ്പടക്കത്തിന് തീ കൊടുത്ത പോലുണ്ടായിരുന്നു ശബ്ദം, കുറെ തീപ്പെട്ടിക്കൊള്ളികള്‍ ഒന്നാകെ കത്തിച്ച പോലെ തീയും വന്നു. പിന്നെ ഡൈനിംഗ് ഹാളിലെ ടൈല്‍സുകള്‍ ഒന്നാകെ പൊട്ടിത്തെറിച്ചു. ബാലുശ്ശേരി കിനാലൂരിലെ രാഘവന്‍ മേനോക്കിയുടെ വീട്ടിലെ ടൈലുകള്‍ രാത്രി അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിന്റെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും.[www.malabarflash.com]


ചൊവ്വാഴ്ച രാത്രി 9.45 ഓടെ ആയിരുന്നു വീട്ടുകാരെ നടുക്കിയ സംഭവം ഉണ്ടായത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ടൈലുകള്‍ ഒന്നാകെ പൊട്ടി പൊങ്ങി പോരുകയായിരുന്നു. പോലീസും നാട്ടുകാരും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നുവെങ്കിലും എന്താണ് സംഭവിച്ചത് എന്നതിന് ഒരു പിടിയുമില്ല. കൂടുതല്‍ പരിശോധനയ്ക്കായി ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.

അഞ്ച് വര്‍ഷമേ ആയുള്ളൂ ഇവര്‍ കിനാലൂരിനടുത്ത ഏര്‍വാടി മുക്കില്‍ വീട് വെച്ചിട്ട്. പ്രവാസ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം കൊണ്ട് വെച്ച വീട്ടില്‍ ആദ്യമായിട്ടാണ് വീട്ടുകാര്‍ക്ക് ഇത്തരമൊരു പ്രശ്‌നമുണ്ടാവുന്നത്. ജനപ്രതിനിധികള്‍ അടക്കം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജിയോളജി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും.

ഈയടുത്താണ് കോഴിക്കോട് പോലൂരിലെ മറ്റൊരു വീട്ടില്‍ അജ്ഞാത ശബ്ദമുണ്ടായത്. ഇത് ഭൂമിക്കടിയിലെ സോയില്‍ പൈപ്പിംഗ് മൂലമാണെന്ന് കണ്ടെത്തിയതോടെ വീട്ടുകാരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ആശങ്കയിലാണ് കിനാലൂരിലെ വീട്ടുകാരും.

Post a Comment

0 Comments