NEWS UPDATE

6/recent/ticker-posts

നവവരന് ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദനം; മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യം

കോട്ടക്കല്‍: മലപ്പുറത്ത് നവവരന് ക്രൂരമര്‍ദ്ദനം. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബിനെയാണ് ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനത്തിനിരയാക്കിയത്. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നാണ് അസീബിന്റെ പരാതി.[www.malabarflash.com]


ഒന്നര മാസം മുന്‍പാണ് അബ്ദുള്‍ അസീബിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ അസീബുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അസീബിനെ കണ്ടത്. എന്നാല്‍ ഇത് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഗുണ്ടായിസം കാണിച്ചുവെന്നാണ് അസീബ് പരാതിയില്‍ പറയുന്നത്.

ഭാര്യയുടെ അടുത്ത ബന്ധുക്കളുള്‍പ്പെടുന്ന ഏഴംഗ സംഘമാണ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആസിഡ് അടക്കമുള്ളവ കൈവശം വെച്ചാണ് ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിക്കാനെത്തിയതെന്നും അസീബ് പറഞ്ഞു.

ഭാര്യയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നാണ് അസീബ് പറയുന്നതെങ്കിലും ഒരു സ്ത്രീയോടും കാണിക്കാന്‍ പാടില്ലാത്ത ക്രൂരത അസീബ് ഭാര്യയോട് കാണിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. ഗുരുതര പരിക്കുകളോടെ മലപ്പുറം കോട്ടക്കലില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ അസീബ്.

Post a Comment

0 Comments