അടിമാലി: യുവാവിന് നേരെ കാമുകിയുടെ ആസിഡാക്രമണം. തിരുവന്തപുരം സ്വദേശിയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തില്‍ അടിമാലി സ്വദേശിയായ ഷീബ(35) യെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിമാലി ഇരുമ്പുപാലത്തെ ഒരു പള്ളിയ്ക്ക് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.[www.malabarflash.com]
പൂജപ്പുര സ്വദേശി അരുണ്‍ കുമാറിനാണ് കാഴ്ച നഷ്ടമായത്. പിന്തിരിഞ്ഞു നില്‍ക്കുന്ന യുവാവിന്റ അടുത്തെത്തി ഷീബ മുഖത്തേക്ക് തന്നെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇയാളെ അടിമാലിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
യുവാവും ഷീബയും തമ്മില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. പിന്നീട് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീടും വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഷീബ നിരന്തരം യുവാവിനെ സമീപിച്ചിരുന്നു.
പിന്നീട് രണ്ടുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഷീബ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി യുവാവിനെ അടിമാലിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയിലാണ് ആസിഡാക്രമണം. യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഷീബയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് കയ്യില്‍ വീണ് ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് യുവാവിന്റെ മുഖത്ത് ഒഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
0 Comments