NEWS UPDATE

6/recent/ticker-posts

'ഭീഷ്മ ഉസ്താദിന്റെ' പണി പോയിട്ടില്ല; മഹല്ല് കമ്മിറ്റി അങ്ങനെ ആലോചിച്ചിട്ടുമില്ല; ചാമ്പിയത് വ്യാജപ്രചാരണം

മലപ്പുറം: അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ 'ചാമ്പിക്കോ' വീഡിയോ വേര്‍ഷനിലൂടെ ശ്രദ്ധേയനായ ഉസ്താദ് ഉസ്മാന്‍ ഫൈസിയെ മഹല്ല് കമ്മറ്റി പുറത്താക്കിയെന്ന് വ്യാജപ്രചരണം. അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു.[www.malabarflash.com]


കുട്ടികളോടൊപ്പം വീഡിയോ എടുത്തതിന്റെ പേരില്‍ ഉസ്താദിനെ മദ്രസാ അധികൃതര്‍ പുറത്താക്കിയെന്നായിരുന്നു ചില ഓണ്‍ലൈന്‍മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. വണ്ടൂര്‍ മിഫ്താഹുല്‍ മദ്രസയില്‍ നടന്ന സംഭവമായിട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പത്. 

എന്നാല്‍ മലപ്പുറം ജില്ലയിലെ അരിമ്പ്ര പാലത്തിങ്ങല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ ഉസ്താദാണ് ഉസ്മാന്‍ ഫൈസി. മദ്രസയിലെ എട്ടാം ക്ലാസിലെ അവസാന ദിവസം കുട്ടികള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു വീഡിയോ എടുക്കാന്‍ ഉസ്താദ് സമ്മതിച്ചതെന്ന് പ്രദേശവാസിയായ സമീര്‍ പിലാക്കല്‍ പറഞ്ഞു. സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം ഉസ്താദിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുമ്പോള്‍, അരിമ്പ്ര പാലത്തിങ്ങല്‍ പ്രദേശത്തെ മഹല്ല് കമ്മിറ്റിയും കുട്ടികളുടെ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ വീഡിയോ ഏറ്റെടുത്തിരുന്നു.

സംഭവത്തെക്കുറിച്ച് സമീര്‍ പിലാക്കല്‍ പറഞ്ഞത് 
"കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഭീഷ്മയുടെ ചാമ്പിക്കോ വേര്‍ഷന്‍ വീഡിയോയായിരുന്നു മദ്രസയില്‍ വെച്ച് ഉസ്താദും കുട്ടികളും കൂടി ചെയ്ത വീഡിയോ. വൈറലായതിന് പിന്നാലെ ഉസ്താദിനെ മഹല്ല് കമ്മറ്റി പുറത്താക്കിയെന്നും ഉസ്താദിന്റെ പണി പോയെന്നും പറഞ്ഞു തമാശകളും ട്രോളുകളും എഫ്ബി ഇന്‍സ്റ്റാഗ്രാം വാട്ട്‌സപ്പ് ഫീഡുകളില്‍ നിറഞ്ഞു. വണ്ടൂര്‍ മിഫ്താഹുല്‍ മദ്രസയില്‍ നടന്ന സംഭവമായിട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധാരണ പരന്നത്.

എന്നാല്‍ യാഥാര്‍ഥ്യം ഇതായിരുന്നു. മലപ്പുറം ജില്ലയിലെ തന്നെ അരിബ്ര പാലത്തിങ്ങല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ എട്ടാം ക്ലാസ്സിലെ അവസാന ദിവസം. കുട്ടികള്‍ നിര്‍ബന്ധിച്ചതിനെ കുറിച്ച് എടുത്ത വീഡിയോ,പിന്നീട് ക്ലാസ്സിലെ ഒരു വിദ്യാര്‍ത്ഥി ബിജിഎം ചേര്‍ത്ത് ഷെയര്‍ ചെയ്തു. 

ഈ സിനിമയിലെ രംഗത്തെ കുറിച്ചോ ആ ബിജിഎമ്മിനെ കുറിച്ചോ വലിയ ധാരണ വീഡിയോയില്‍ കാണുന്ന ഉസ്മാന്‍ ഫൈസിക്ക് ഇല്ലായിരുന്നു.ഇനി ഉണ്ടെങ്കിലും അത് ഒരു പ്രശ്‌നമായി ആരും കണ്ടിട്ടുമില്ലായിരുന്നു. കുട്ടികളുടെ രസത്തിന് കൂട്ട് നില്‍ക്കുക എന്നത് മാത്രമാണ് ഉസ്താദ് കണ്ടിരുന്നത്. 

നാട്ടുകാരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമെല്ലാം ഒരു നല്ല ഒരു തമാശ വീഡിയോ എന്ന രീതിയില്‍ ആസ്വദിച്ചു രസിച്ച ഒരു വീഡിയോ. അധ്യാപകനെതിരെ നടപടിയെടുക്കുന്നത് പോയിട്ട് അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല ആ മഹല്ല് കമ്മറ്റിയും നാടും നാട്ടുകാരും.
പുറത്താക്കിയെന്ന് പറയുന്ന ഉസ്മാന്‍ ഫൈസി ഉസ്താദ് ഇപ്പോഴും ആ മദ്രസയില്‍ പഠിപ്പിക്കുന്നു.

പറഞ്ഞു വരുന്ന പ്രശ്‌നം അതല്ല. ഇത് അബന്ധവശാലോ തെറ്റിദ്ധാരണയാലോ ഉണ്ടായ ഒരു വാര്‍ത്ത കെട്ടിച്ചമക്കല്‍ ആണ് എന്ന് തോന്നാന്‍ മാത്രം നിഷ്‌ക്കുകളാണോ നിങ്ങളിപ്പോഴും? തീര്‍ത്തും ഇസ്ലാമോഫോബിക്ക് പൊതുബോധവും അതിന്റെ സംവിധാനങ്ങളും ക്ര്യത്യമായ അതിന്റെ അജണ്ട നടപ്പാക്കുന്നതാണ്.നമ്മള്‍ പോലുമറിയാതെ നമ്മളതിന്റെ ഭാഗമാവുന്നു എന്നതാണ് സത്യം.അതിനെ ട്രോളുകളായി ഏറ്റെടുക്കുന്നു എന്നതാണ് സത്യം . 

സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട മോശമായ ട്രോളുകളില്‍ ചിലത് താഴെ. വല്ല പ്രകൃതി വിരുദ്ധ പീഡനമോ പോക്‌സോ കേസോ ആണെങ്കില്‍ മാപ്പ് കൊടുക്കാമായിരുന്നു എന്ന് ലേ മഹല്ല് കമ്മറ്റി, മ്മക്ക് ഇത് ഹറാമല്ലേ ..നബിദിന പരിവാടിയിലെ ഡിജെയാണെങ്കി നോക്കാമായിരുന്നു..ഇങ്ങനെ വളരെയധികം മോശമായി ഒരു വിഭാഗത്തെയും സമൂഹത്തെയും പൊതുമധ്യത്തില്‍ ചിത്രീകരിക്കുകയെന്നതിലപ്പുറം ക്രൂരത വേറെയുണ്ടോ? 

ഇതിനെല്ലാം പെട്ടെന്ന് വിശ്വാസതയും സ്വീകാര്യതയും കിട്ടുന്നു എന്നാതാണ് വര്‍ത്തമാന കാലത്തെ ഭയപ്പെടുത്തുന്ന വസ്തുത. കിട്ടുന്നതിലെല്ലാം ഇസ്ലാമോഫോബിക് വിഷം ചേര്‍ത്ത് ഇല്ലാ കഥ പടച്ചു വിട്ട് വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നവര്‍ ഏറെയുള്ള ഈ കാലത്ത് നിങ്ങളുടെ വിരലിലേക്കോ സ്‌ക്രീനിലേക്കോ എത്തുന്ന വാര്‍ത്തകളെ ഒന്നല്ല ,ഒരായിരം ആവര്‍ത്തി സത്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.തെറ്റാണെങ്കില്‍ അതിനെ പൊളിക്കേണ്ടതുണ്ട്.അത് നമ്മള്‍ ചെയ്തില്ലെങ്കില്‍ ചെയ്ത് തരാന്‍ ഇവിടെ വേറെയാരുമില്ലെന്ന് ഉറച്ച ബോധ്യം ഉണ്ടാവേണ്ടതുണ്ട്."

Post a Comment

0 Comments