NEWS UPDATE

6/recent/ticker-posts

കാമുകിയുടെ കാറില്‍ ആപ്പിള്‍ വാച്ച് വെച്ച് ലൈവായി പിന്തുടര്‍ന്നു; കാമുകന്‍ അറസ്റ്റില്‍

വീടിന്റേയും വാഹനത്തിന്റേയുമെല്ലാം താക്കോലുകളും മറ്റ് ഉപകരണങ്ങളും മറന്നുവെച്ചാല്‍ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന എയര്‍ടാഗുകള്‍ വ്യക്തികളെ പിന്തുടരുന്നതിനായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് എയര്‍ടാഗുകള്‍ പുതിയ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി ആപ്പിള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു.[www.malabarflash.com]


ഇപ്പോഴിതാ, ആപ്പിള്‍ വാച്ചും ഇതേ രീതിയില്‍ ദുരുപയോഗം ചെയ്തിരിക്കുകയാണ് യുഎസ് ടെന്നീസിയിലുള്ള നാഷ് വില്‍ സ്വദേശി. തന്റെ ആപ്പിള്‍ വാച്ച് കാമുകിയുടെ കാറില്‍വെച്ച് ലൈവ് ആയി അവരുടെ ലൊക്കേഷന്‍ പിന്തുടര്‍ന്നതിന് ഇയാള്‍ അറസ്റ്റിലായി. കാറിന്റെ ചക്രത്തിലാണ് ഇയാള്‍ വാച്ച് കെട്ടിവെച്ചത്. ശേഷം ഒരു തേഡ് പാര്‍ട്ടി ട്രാക്കിങ് ആപ്പ് ഉപയോഗിച്ച് കാറിനെ പിന്തുടരുകയായിരുന്നു.

വാഹനത്തില്‍ ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചതിന് 29-കാരനായ ലോറന്‍സ് വെല്‍ച്ചിനെതിരെ കുറ്റം ചുമത്തിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

കാമുകിയ്ക്ക് നേരെ ഇയാള്‍ പല തവണ വധഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കുറച്ചുകാലമായി താന്‍ ഫാമിലി സേഫ്റ്റി സെന്റര്‍ സന്ദര്‍ശിച്ചിരുന്നതായി ഇര പറഞ്ഞു. ഇവരെ പിന്തുടര്‍ന്ന് ലോറന്‍സ് ഈ സേഫ്റ്റി സെന്ററില്‍ എത്തുകയും തുടര്‍ന്ന് അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

ലൈഫ് 360 എന്ന ആപ്പ് ഉപയോഗിച്ചാണ് വെല്‍ച്ച് കാമുകിയെ പിന്തുടര്‍ന്നത്. ഇതേ ആപ്പ് ഉപയോഗിച്ച് താനും കാമുകനും പരസ്പരം നിരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് ഇര പോലീസിനോട് പറഞ്ഞു. എന്നാല്‍ ഫാമിലി സേഫ്റ്റി സെന്റര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം അവര്‍ തന്റെ ലൊക്കേഷന്‍ ഓഫ് ചെയ്തുവെച്ചു. ഈ സമയങ്ങളിലെല്ലാം ലോക്കേഷന്‍ അയക്കാനും ഫോണ്‍ വിളിക്കാനും ആവശ്യപ്പെട്ട് കാമുകന്‍ നിരവധി സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു.

ഫാമിലി സേഫ്റ്റി സെന്ററിലെത്തിയ പോലീസ് കണ്ടത് കാറിന്റെ ഒരു ടയറിനരികെ ഇയാള്‍ പതുങ്ങുന്നതാണ്. സംശയം തോന്നിയ പോലീസ് വന്ന് പരിശോധിച്ചപ്പോഴാണ് ടയറിനുമേല്‍ ആപ്പിള്‍ വാച്ച് ഘടിപ്പിച്ചതായി കണ്ടെത്തിയത്. വാച്ച് തന്റേതാണെന്ന് വെല്‍ച്ച് സമ്മതിച്ചു. കാമുകി ലൊക്കേഷന്‍ ഓഫ് ചെയ്യുമ്പോള്‍ തന്റെ ആപ്പിള്‍ വാച്ച് ഉപയോഗിച്ച് പിന്തുടരുകയായിരുന്നു ഇയാള്‍.

ആപ്പിള്‍ വാച്ചിന്റെ അത്യപൂര്‍വമായ ദുരുപയോഗങ്ങളില്‍ ഒന്നായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. എയര്‍ടാഗ് ഉപയോഗിച്ച് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആപ്പിളിന് നിരവധി പരാതികള്‍ കിട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ആപ്പിള്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ആപ്പിള്‍ വാച്ചിലും സമാനമായ സംവിധാനങ്ങള്‍ അവതരിപ്പിക്കേണ്ട അവസ്ഥയാണ്.

Post a Comment

0 Comments