നീലേശ്വരം: കാസർകോട്-വയനാട് 400 കെ.വി. ഹരിത പവർ ഹൈവേയുടെ നിർമാണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30-ന് നടക്കും. കരിന്തളം തോളേനി അമ്മാറമ്മ ഹാളിൽ വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.[www.malabarflash.com]
ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അധ്യക്ഷനാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരിക്കും. കെ.എസ്.ഇ.ബി.യുടെ വൈദ്യുതി തടസ്സംകൂടാതെ വിതരണം ചെയ്യാനുള്ള ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായാണിത്.
വടക്കൻ കേരളത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളെ അന്തസ്സംസ്ഥാന വൈദ്യുതിപ്രസരണ ശൃംഖലയുമായി ബന്ധിപ്പിക്കുക, ജില്ലയിലെ പുനരുത്പാദന ഊർജനിലയങ്ങളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണനഷ്ടം കുറച്ച് യഥാസമയം ലോഡ് സെന്റുകളിൽ എത്തിക്കുക എന്നിവയാണ് ലക്ഷ്യം.
ഇതിനായി കരിന്തളം കയനിയിൽ ഉഡുപ്പി-കാസർകോട് ട്രാൻസ്മിഷൻ പ്രോജക്ട് ലിമിറ്റഡ് കമ്പനി നിർമിക്കുന്ന 400 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷനിൽനിന്ന് വയനാട് ജില്ലയിലെ പയ്യമ്പള്ളിവരെ ഡബിൾ സർക്യൂട്ട് ലൈൻ നിർമിക്കാനും പയ്യമ്പള്ളിയിൽ പുതിയ 400 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ സ്ഥാപിക്കാനുമാണ് പദ്ധതി.
തുടർന്ന് ഈ സബ്‌സ്റ്റേഷനെ കോഴിക്കോട്-മൈസൂരു 400 കെ.വി. അന്തസ്സംസ്ഥാന ലൈനുമായി ബന്ധിപ്പിക്കും.
പത്രസമ്മേളനത്തിൽ കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, സംഘാടകസമിതി കൺവീനർ പി.ബി. അമർനാഥ്, ടി.എസ്. ബിന്ദു, ഉമേശൻ വേളൂർ, പാറക്കോൽ രാജൻ, കയനി മോഹനൻ, അരുൺ ബി. താഹ, ഒ.വി. രമേഷ്, കെ. രാജീവ്‌കുമാർ, എം.വി. പ്രശാന്ത് എന്നിവർ സംസാരിച്ചു.
0 Comments