NEWS UPDATE

6/recent/ticker-posts

'ശരീരത്തിലാകെ മീൻ മുറിച്ചത് പോലെ കത്തി കൊണ്ട് പാടുകൾ'; അബ്ദുൾ ജലീലിനേറ്റത് ക്രൂരമർദ്ദനമെന്ന് ബന്ധു

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വർണക്കടത്ത് റാക്കറ്റെന്ന് സംശയിക്കുന്ന സംഘത്തിന്റെ മർദ്ദനമേറ്റ് മരിച്ച അബ്ദുൾ ജലീലിന്റെ ശരീരത്തിൽ മാരക മുറിവുകൾ.[www.malabarflash.com]


ശരീരത്തിലാകെ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു. മീൻ മുളക് തേക്കാൻ വേണ്ടി മുറിച്ചത് പോലെ ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞ പാടുകളാണെന്നും ക്രൂരമായ മർദ്ദനമാണ് അബ്ദുൾ ജലീലിനേറ്റതെന്നും ബന്ധു അലി അക്ബർ പറഞ്ഞു.

18ാം തിയ്യതി രാവിലെ 9 മണിക്കാണ് നെടുമ്പാശേരി എയർപോർട്ടിൽ ഇദ്ദേഹം ഇറങ്ങുന്നത്. സുഹൃത്തുക്കൾ ഒപ്പമുണ്ട് എയർപോർട്ടിൽ വരണ്ട, പെരിന്തൽമണ്ണയിലേക്ക് വന്നാൽ മതിയെന്നാണ് ആദ്യം പറഞ്ഞത്. കുറച്ച് സമയത്തിന് ശേഷം നിങ്ങൾ തിരിച്ചു പൊയ്ക്കോ വരാൻ കുറച്ചു വൈകും എന്ന് പറഞ്ഞ് വീട്ടുകാരെ നിർബന്ധപൂർവം പറഞ്ഞയക്കുകയാണുണ്ടായത്. അതിനു ശേഷം ഇദ്ദേഹത്തെ പറ്റി ഒരു വിവരവും ലഭിച്ചില്ല.

എന്തോ ഒരു ചതിയിൽ പെട്ടതാണെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. കാരണം ഈ വ്യക്തി അങ്ങനെ ക്രിമിനൽ പശ്ചാത്തലമുള്ളയാളല്ല. സാധാരണ ജീവിതം നയിക്കുന്നയാളാണ്. ജിദ്ദയിൽ ഹൗസ് ഡ്രെെവറായാണ് ജോലി ചെയ്യുന്നത്. പത്ത് വർഷമായി സൗദിയിലാണ്. രണ്ടര വർഷം കൂടുമ്പോഴാണ് ഇയാൾ നാട്ടിലേക്ക് വരുന്നത്. ആകെ മൂന്നോ നാലോ പ്രാവിശ്യമേ ഈ പത്ത് വർഷത്തിനിടയിൽ വന്നിട്ടുള്ളൂ.

സ്വർണക്കടത്ത് നടത്തിയോ എന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല. അബ്ദുൾ ജലീലിന് സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഇത് കാരണം ആരെങ്കിലും പ്രലോഭിപ്പിച്ചോ എന്ന് പറയാൻ കഴിയില്ല. വളരെ ​ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ കണ്ടത്. മീൻ മുളക് തേക്കാൻ മുറിച്ചത് പോലെ ശരീരത്തിലാകെ ക്രൂരമായി മുറിവേറ്റിരുന്നു. പ്രതികളെ ഉടനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ബന്ധു പറഞ്ഞു.

സംഭവത്തിൽ മുഖ്യപ്രതി യഹിയയെന്ന ആളെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു. ശേഷം ഇയാൾ മുങ്ങുകയും ചെയ്തു. ഇയാൾ ഒളിവിലാണ്. സംഭവത്തിലുൾപ്പെട്ട മൂന്ന് പേർ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

അ​ഗളി സ്വദേശിയാണ് അബ്ദുൾ ജലീൽ (42). വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയ തന്നെയാണ് അബ്ദുൾ ജലീലിനെ പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

അബ്ദുൾ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് പോയി. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.

Post a Comment

0 Comments