രാജീവ് രവി സംവിധാനം ചെയ്ത 'കുറ്റവും ശിക്ഷ'യും സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിലെ ഇരുപത്തിയഞ്ചോളം പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴിയാണ് ട്രെയിലർ റിലീസ് ചെയ്തത്. 27ന് ചിത്രം തീയേറ്ററുകളിൽ എത്തും. കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും.[www.malabarflash.com]
കാസറകോട് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. യഥാർത്ഥ കേസിന്റെ അന്വേഷണം നയിച്ചതും സിബി തോമസാണ്. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: സുരേഷ് രാജൻ, എഡിറ്റിങ്: ബി.അജിത് കുമാർ. പി ആർ ഒ ആതിര ദിൽജിത്ത്.
0 Comments