NEWS UPDATE

6/recent/ticker-posts

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ജൂണ്‍ മുതല്‍ നഷ്ടപരിഹാരം; ഓണ്‍ലൈനായി അപേക്ഷ നല്‍കാമെന്ന് കളക്ടര്‍

കാസറകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നഷ്ടപരിഹാരം ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് കാസറകോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ്. ഓണ്‍ലൈൻ വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. ജില്ലയില്‍ 6,727 പേരാണ് ദുരിത ബാധിതരുടെ പട്ടികയിലുള്ളത്. ഇതില്‍ 3642 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. 3,014 പേര്‍ക്കായി 119 കോടിയോളം (1,19,34,00,000)രൂപ വിതരണം ചെയ്തു.[www.malabarflash.com]

സുപ്രീംകോടതി നിര്‍ദേശിച്ചത് പ്രകാരം ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുന്നുണ്ട്. നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ കളക്ടറേറ്റില്‍ നേരിട്ടെത്തിയോ അപേക്ഷ നല്‍കാമെന്ന് കളക്ടര്‍ അറിയിച്ചു.

ദുരിതാശ്വാസത്തിന് അര്‍ഹരായവരെ അഞ്ച് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. കിടപ്പുരോഗികളായ 371 പേര്‍ക്ക് ഇതിനോടകം സഹായം വിതരണം ചെയ്തു. ഭിന്നശേഷി വിഭാഗത്തില്‍ 1,189 പേരില്‍ 988 പേര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ച 1,499 പേരില്‍ 1,173 പേര്‍ക്കും നഷ്ടപരിഹാരം നല്‍കി. 699 അര്‍ബുദ ബാധിതരില്‍ 580 പേര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്. 2969 പേരെ മറ്റുള്ളവര്‍ എന്ന വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ 4 പേര്‍ക്ക് കൂടി ധനസഹായം വിതരണം ചെയ്യാനുണ്ട്. നിലവിലെ പട്ടികയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് കളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.

അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഇനിയും നീതി ലഭിച്ചില്ലെന്നാരോപിച്ച് എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ രംഗത്ത് വന്നിരുന്നു. സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് വിമർശനം ഉള്ളത്. ഈ 18ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് അടിയന്തര നഷ്ടപരിഹാരം വൈകുന്നത് ഇടത് മുന്നണിക്ക് കളങ്കമാണെന്ന് വിമര്‍ശിച്ചത്. 2017ലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ 3704 പേരില്‍ 8 പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളുവെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

Post a Comment

0 Comments