NEWS UPDATE

6/recent/ticker-posts

മദ്യക്കടത്ത് സംഘത്തിന്റെ കാര്‍ എക്‌സൈസ് ജീപ്പിലിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഉപ്പള: എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്ത് സംഘത്തിന്റെ കാര്‍ എക്‌സൈസ് ജീപ്പിലിടിച്ചു. മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കാറിലെ രണ്ടുപേര്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഉപ്പള സോങ്കാലിലാണ് സംഭവം.[www.malabarflash.com]

കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ദിവാകരന്‍, ജീപ്പ് ഡ്രൈവര്‍ ദിജിത്ത് എന്നിവരെയും കാറിലുണ്ടായിരുന്ന രണ്ടുപേരേയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് 110 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടിച്ചെടുത്തു. സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സോങ്കാലില്‍ പരിശോധനക്ക് എത്തിയത്. അതിനിടെ അമിത വേഗതയില്‍ എത്തിയ കാറിന് കുറുകെ എക്‌സൈസ് ജീപ്പ് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജീപ്പിലിടിച്ച് രക്ഷപ്പെടാന്‍ മദ്യക്കടത്ത് സംഘം ശ്രമിച്ചത്. 

ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു. അകത്തുണ്ടായിരുന്ന രണ്ടുപേരേയും പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥരേയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments