ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ല് കൂടി കുറിക്കാനൊരുങ്ങി ഖത്തർ ലോകകപ്പ്. ഇതിഹാസ താരങ്ങളെ ഒരു വിസിൽ മുഴക്കത്തിൽ അടക്കി നിർത്തുന്ന ലോകകപ്പിന്‍റെ റഫറിമാരുടെ പാനലിൽ ഇടംപിടിച്ച് മൂന്ന് വനിതകളും.[www.malabarflash.com]
നവംബർ 21ന് തുടങ്ങി ഡിസംബർ 18ന് സമാപിക്കുന്ന ലോകകപ്പിനായി മൂന്ന് വനിതകൾ ഉൾപ്പെടെ 36 റഫറിമാരുടെ പട്ടിക ഫിഫ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഫ്രാൻസിന്‍റെ സ്റ്റെഫാനി ഫ്രാപ്പാർട്, റുവാണ്ടയുടെ സലിമ മുകൻസാങ്ക, ജപ്പാന്‍റെ യോഷിമി യമാഷിത എന്നിവരാണ് ചരിത്രം കുറിക്കാൻ നിയോഗിക്കപ്പെട്ടവർ. ഇവർക്ക് പുറമെ അസിസ്റ്റന്‍റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്.
ലോകകപ്പിന്‍റെ 36 റഫറിമാർ, 69 അസി. റഫറിമാർ, 24 വീഡിയോ മാച്ച് ഒഫീഷ്യൽസ് എന്നിവരുടെ പട്ടികയാണ് ഫിഫ പ്രസിദ്ധീകരിച്ചത്. വർഷങ്ങളായി തുടർന്ന നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ലോകകപ്പിന്‍റെ റഫറിമാരുടെ അന്തിമ പട്ടിക തയാറാക്കിയതെന്ന് ഫിഫ റഫറീസ് കമ്മിറ്റി ചെയർമാൻ പിയർലൂയിജി കൊളിന പറഞ്ഞു.
1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ മത്സരം നിയന്ത്രിക്കാൻ പരിഗണിക്കപ്പെടുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരവും യൂറോപ്യൻ ക്വാളിഫിയർ പോരാട്ടങ്ങളും നിയന്ത്രിച്ച് ശ്രദ്ധനേടിയ റഫറിയാണ് ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രപ്പാർട്ട്. ഫ്രഞ്ച് ലീഗ് വൺ മത്സരങ്ങളിലും ഇവർ പതിവ് സാന്നിധ്യമാണ്.
0 Comments