NEWS UPDATE

6/recent/ticker-posts

കല്യാണ വീടിന്‍റെ ടെറസില്‍ നിന്നും വീണ യുവാവ് മരണപ്പെട്ട സംഭവം; മൂന്ന് സുഹൃത്തുക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കല്യാണ വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് സുഹൃത്തിനെ മതിയായ ചികിത്സ ലഭ്യമാകാതെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ മൂന്നുപേർ പിടിയിൽ. വധുവിന്റെ സഹോദരൻ വെഞ്ഞാറമൂട് അണ്ണൽ വിഷ്ണു ഭവനിൽ വിഷ്ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ് കളത്തിൽ വീട്ടിൽ ശരത് കുമാർ (25), വെൺപാലവട്ടം കുന്നിൽ വീട്ടിൽ നിതീഷ് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്.[www.malabarflash.com]


സുഹൃത്തുക്കളുമായി ടെറസിന്റെ പടികൾ ഇറങ്ങുന്നതിനിടെയാണ് കോലിയക്കോട് കീഴാമലയ്ക്കൽ സ്വദേശി ഷിബു (32) മുകളിൽ നിന്ന് താഴേക്ക് വീഴുന്നത്. അവശനിലയിലായ ഷിബുവിനെ ആദ്യം കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിയിലും എത്തിച്ചെങ്കിലും ഇവിടെ നിന്ന് മതിയായ ചികിത്സ ലഭ്യമാക്കാതെ ഉടനെ സുഹൃത്തുകൾ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിച്ചു കടന്നു കളയുകയായിരുന്നു.

അടുത്ത ദിവസം ഷിബു രക്തം വാർന്നു മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവം ഉള്ളതായി സംശയിക്കുന്നതിനാൽ ഡോക്ടർമാർ അടിയന്തിരമായി എക്സറേയും സി. ടി സ്കാനും ചെയ്യാൻ നിർദേശിച്ചു. ഷിബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡിസ്ചാർജ് ഡോക്ടറിൽ നിന്ന് പ്രതികൾ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.

വ്യാജ മേൽവിലാസവും പേരുകളുമാണ് ഇതിനായി പ്രതികൾ ആശുപത്രിയിൽ നൽകിയത്. പുലർച്ചെ 3 മണിയോടെ ഷിബുവിനെ വീട്ടിലെത്തിച്ചു പ്രതികൾ കടന്നു. അടുത്ത ദിവസം രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാർന്ന നിലയിൽ ഷിബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളെ ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ആരെയും ഫോണിൽ ലഭിച്ചില്ല.

തുടർന്നാണു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് ചോദ്യം ചെയ്യവേ ഷിബു കല്യാണജോലിക്കു വന്നയാളാണെന്നാണ് ഇവർ ആദ്യം മൊഴി നൽകിയത്. തുടർന്ന് കല്യാണ ചടങ്ങുകളുടെ വിഡിയോ പരിശോധിച്ചപ്പോള്‍ ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞു.

ടെറസിൽവച്ച് ആറോളംപേർ ചേർന്നു മദ്യപിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഷിബു ടെറസിൽനിന്നു വീഴുന്ന ദൃശ്യങ്ങൾ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയിൽ നിന്ന് പോലീസ് ശേഖരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രിയ ആണ് മരിച്ച ഷിബുവിനെ ഭാര്യ. മക്കൾ: വൈഷണവ്, ശിവാനി.

Post a Comment

0 Comments